തിരുവനന്തപുരം ആറ്റിങ്ങൽ ഡിവിഷന് കീഴിലുള്ള നഗരൂർ സെക്ഷൻ ആപ്പീസിൽ മലബാർ സർവീസ് കഴിഞ്ഞു വന്ന സീനിയർ സൂപ്രേണ്ടു പ്രേം നാഥിനെ രണ്ടു വർഷം കഴിയുന്നതിനു മുൻപ് തന്നെ വീണ്ടും ഈ വർഷം കോഴിക്കോട് ജില്ലയിലേക്ക് പൊതുസ്ഥലം മാറ്റത്തിൽ ഉൾപ്പെടുത്തി ട്രാൻസ്ഫർ ഓർഡർ ഇറക്കിയിരുന്നു.
ഇതിനെതിരെ പ്രേംനാഥ് ഹൈകോടതിയെ സമീപിച്ചപ്പോൾ ഈ ഉത്തരവ് താത്കാലിക മായി സ്റ്റേ ചെയ്തിരുന്നു. എന്നാൽ പിന്നീട് കെ.എസ്.ഇ.ബി തിരുവനന്തപുരത്തു തന്നെ ഒഴിവുള്ള സ്ഥലത്തു ഹിയറിങ് നടത്തി പരിഗണിക്കുമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പായിരുന്നു. തുടർന്ന് ഹിയറിങ് നടത്തുകയും തന്നെക്കാളും ഇൻഡക്സ് കുറവുള്ള ധാരാളം പേർ തിരുവനന്തപുരം വൈദ്യുതി ഭവനിൽ അടക്കം തുടരുന്ന കാര്യം കാണിച്ചുവെങ്കിലും ഇത് ചീഫ് എൻജിനീയർ പരിഗണിച്ചില്ല. ഇരുപത്തഞ്ചു വർഷത്തിലധികമായി പോലും ഇവിടെ തുടരുന്നവരുടെ ലിസ്റ്റും ആറ്റിങ്ങൽ ഡിവിഷനിൽ തന്നെ ഒഴിവുള്ള മടവൂർ, പള്ളിക്കൽ, വക്കം, കടയ്ക്കാവൂർ, വർക്കല എന്നീ സെക്ഷനുകളുടെ കാര്യവും ഹിയറിങ്ങിൽ ഹാജരാക്കിയിരുന്നു.
ഹൈകോടതി പരിഗണിക്കാൻ ഉത്തരവുണ്ടായിട്ടും പരിഗണിക്കാതെ പ്രേംനാഥിന്റെ ആവശ്യം തള്ളിയതിനെതിരെ അദ്ദേഹം വീണ്ടും ഹൈ കോടതിയെ സമീപിക്കുകയും കേസ് ജനുവരി 5 നു പരിഗണിക്കുന്നത് വരെ അവിടെ തുടരാൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ ഇത് കണക്കി ലെടുക്കാതെ ആറ്റിങ്ങൽ ഡിവിഷനിലെ ഒരു സീനിയർ സൂപ്രണ്ടിനെ കൊണ്ട് നഗരൂർ ചാർജ് എടുപ്പിച്ചു. ഇതിനെ തുടർന്നാണ് അസിസ്റ്റന്റ് എൻജിനീയർക്കു മെമ്മോ നൽകിയത്. പുതിയ ചെയർമാൻ ഡോക്ടർ ബി അശോകിന്റെയും ചീഫ് എൻജിനീയർ പി.കെ.ശ്രീകുമാറിന്റെയും നേതൃത്വത്തിൽ നടന്ന ഈ വർഷത്തെ ട്രാൻസ്ഫെറുകളിൽ താരതമ്യേന കേസുകളും പരാതികളും കുറവായിരുന്നു. എന്നാൽ ഈ കേസ് ഒരു കല്ല് കടി ആയി മാറി.
2016 മെയ് 26 മുതൽ ചീഫ് എൻജിനീയർ എച് ആർ എം ഓഫീസിൽ തുടരുന്ന ഒരു സീനിയർ സൂപ്രേണ്ടു ആണ് ഇത്തരം അന്യായമായ കാര്യങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്. ഇതേ പോലുള്ള വിഷയത്തിന് നഗരൂർ സെക്ഷന്റെ തൊട്ടടുത്തുള്ള സെക്ഷൻ സീനിയർ സൂപ്രേണ്ടു തുടരുന്നതിനു യു.വി സുരേഷ് ന് ധാരാളം കോടതി വ്യവഹാരങ്ങൾ ഉണ്ടായിരുന്നു. അന്ന് അസിസ്റ്റന്റ് എൻജിനീയറെ സസ്‌പെൻഡ് ചെയ്യുകയും മറ്റും ചെയ്തപ്പോൾ ഹൈ കോടതി വൈദ്യുതി ബോർഡിനെ ശകാരിച്ചിരുന്നു.
ചെയര്മാന്മാരും എച്.ആർ.എം വിഭാഗം ചീഫ് എൻജിനീയർമാരും പല തവണ മാറി വന്നെങ്കിലും ട്രാൻസ്ഫർ ചരട് വലിക്കുന്ന ഈ സീനിയർ സൂപ്രേണ്ടു മാത്രം മാറിയിട്ടില്ല. വൈദ്യുതി ഭവനിൽ നിന്ന് 25 കിലോമീറ്റർ അകലെ നിന്ന് വന്നു ജോലി ചെയ്യുന്നത് സ്വന്തം ട്രാൻസ്ഫർ ഇൻഡക്സ് കൂട്ടാൻ ആണെന്ന് ആക്ഷേപം ഉണ്ട്. ചെയർമാന്റെ സ്ഥലം മാറ്റ സംരക്ഷണത്തിൽ വർഷങ്ങളായി തിരുവനന്തപുരം വൈദ്യുതി ഭവനിൽ തുടരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം വൈദ്യുതി ഭവനിൽ ബോർഡിനെതിരെയും ചെയര്മാനെതിരെയും കറുത്ത തുണി കൊണ്ട് വായ് മൂടിക്കെട്ടി നടത്തിയ സമരത്തിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു. ഇതിൽ എക്സികുട്ടീവ് എൻജിനീയർ മുതൽ ഉള്ളവർക്കെതിരെ നടപടി ഉണ്ടാവുമെന്ന് തീരുമാനിച്ചിട്ടുണ്ട്.
നിരന്തരം കേരളമെമ്പാടുമുള്ള ജീവനക്കാരെ ദ്രോഹിക്കുന്ന നിലയിൽ പ്രവർത്തിക്കുന്ന ഇയാൾക്കെതിരെയും താക്കോൽ സ്ഥാനത്തു ഇരുന്നു കൊണ്ട് സമരത്തിൽ പങ്കെടുത്തതിന് നടപടി എടുക്കുമെന്ന് സൂചനയുണ്ട്.