കെ എസ് ഇ ബിയിലെ താത്കാലിക സ്ഥാനകയറ്റങ്ങൾ നിർത്തലാക്കാൻ തീരുമാനം ആയി. ഇല്ലാത്ത തസ്തികയിൽ വർഷങ്ങളായി തുടർച്ചയായി താത്കാലിക അപ്ഗ്രഡേഷൻ എന്ന പേരിൽ പ്രൊമോഷൻ നൽകിയിരുന്ന അസിസ്റ്റന്റ് എക്സികുട്ടീവ് എഞ്ചിനീയർ തസ്തികയാണ് നിർത്തലാക്കാൻ തീരുമാനിച്ചത്.
വൈദ്യുതി ബോർഡിൽ 679 ഇലക്ട്രിക്കൽ അസിസ്റ്റന്റ് എക്സികുട്ടീവ് എഞ്ചിനീയർ തസ്തികയാണുണ്ടായിരുന്നത്. ബോർഡിലെ അസിസ്റ്റന്റ് എക്സികുട്ടീവ് എൻജിനീയറും അന്ന് വൈദ്യുതി മന്ത്രിയുടെ പേർസണൽ സ്റ്റാഫ് അംഗവുമായിരുന്ന ആളുടെയും മറ്റും ശ്രമഫലമായി 2011 ഫെബ്രുവരി 26 നു 167 അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകൾ അസിസ്റ്റന്റ് എക്സികുട്ടീവ് എഞ്ചിനീയർ തസ്തികകൾ ആക്കാൻ ഉത്തരവ് ഇട്ടു. എന്നാൽ ഇതിനു സർക്കാർ അനുമതി ഉണ്ടായിരുന്നില്ല. തുടർന്ന് വന്ന സർക്കാരിനെ പല തവണ സമീപിച്ചെങ്കിലും അധിക തസ്തിക സൃഷ്ടിക്കാൻ സർക്കാർ സമ്മതം ലഭിച്ചില്ല. എന്നാൽ പ്രൊമോഷൻ ലഭിക്കേണ്ടവരുടെ നിരന്തര സമ്മർദ്ദത്തെ തുടർനാണ് 2014 ഫെബ്രുവരി 13 നു 167 ഇലക്ട്രിക്കൽ അസിസ്റ്റന്റ് എക്സികുട്ടീവ് എൻജിനീയറുടെ താത്കാലിക അപ്ഗ്രഡേഷന് സർക്കാർ അനുമതി ലഭിച്ചത്.
അതിനെ തുടർന്ന് 161 അസിസ്റ്റന്റ് എഞ്ചിനീയർമാർക്ക് അസിസ്റ്റന്റ് എക്സികുട്ടീവ് എഞ്ചിനീയർ ആയി പ്രൊമോഷൻ നൽകി. റിട്ടയർമെന്റിലൂടെയും അസിസ്റ്റന്റ് എക്സികുട്ടീവ് എൻജിനീയർമാരിൽ നിന്നുള്ള പ്രൊമോഷനുകളിലൂടെയും ശരിയായ ഒഴിവു വരുന്ന മുറക്ക് താത്കാലിക അപ്ഗ്രഡേഷൻ നിറുത്തണമെന്നു സർക്കാർ ഉത്തരവുണ്ടായിരുന്നു.
പിന്നീട് 2015 മെയ് 30 നു ഇത്തരത്തിൽ ഒഴിവു വന്ന 37 തസ്തികകൾ തരം താഴ്ത്തി അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകൾ ആക്കുകയും പ്രൊമോഷനുകൾ റെഗുലർ പ്രൊമോഷൻ ആക്കുകയും ചെയ്തു. ഇത് മൂലം മലബാർ മേഖലയിലെ സർക്കിൾ ഓഫീസുകളിൽ 3 വീതം അസിസ്റ്റന്റ് എൻജിനീയർമാരും എന്നാൽ തെക്കൻ മേഖലകളിൽ അസിസ്റ്റന്റ് എക്സികുട്ടീവ് എഞ്ചിനീയർ മാരും ജോലി ചെയ്തു പോന്നു. പക്ഷെ പിന്നീട് വർഷങ്ങളോളം ഈ തസ്തികകൾ പുനഃക്രമീകരിക്കാത്തതു മൂലം സ്ഥിരമായി വീണ്ടും പ്രൊമോഷനുകൾ നൽകി 679 അനുവദിക്കപ്പെട്ട തസ്തികയുടെ സ്ഥാനത്തു എണ്ണൂറിലധികം പേർ ജോലി ചെയ്തു പോന്നു .
ഇതിനിടെ 2019 ഡിസംബർ 29 നു കാലാവധി കഴിയുന്ന അസിസ്റ്റന്റ് എൻജിനീയറുടെ പി.എസ്.സി ലിസ്റ്റിൽ നിന്ന് 162 പേരെ എടുക്കാൻ ഡിസംബർ 26 നു ബോർഡ് തീരുമാനം എടുക്കുകയും പ്രത്യേക ദൂതൻ മുഖേന പി.എസ്.സി ക്കു റിപ്പോർട്ട് ചെയ്യുകയും ചെയ്തു. എന്നാൽ ഇത് പ്രൊമോഷനിലൂടെ നികത്തേണ്ട തസ്തികയാണെന്നു കാട്ടി ജീവനക്കാരുടെ ഒരു സംഘടന ഹൈ കോടതിയിൽ കേസ് കൊടുത്തു. പ്രൊമോഷനിലൂടെ നികത്തേണ്ട ക്വാട്ട പി.എസ്.സി വഴി നികത്തുന്നതിനെതിരെ ഹൈ കോടതി സിംഗിൾ ബെഞ്ച് ഉത്തരവിടുകയും കെ.എസ്.ഇ.ബി ഇതിനെതിരെ ഹൈ കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയും ചെയ്തു.
ഡിവിഷൻ ബെഞ്ചിൽ പ്രൊമോഷൻ വഴി നികത്തുന്ന കാര്യം ബോർഡ് സമ്മതിക്കുകയും പി.എസ്.സി വഴി നിയമിക്കുന്നതിന് 162 തസ്തികകൾ സൂപ്പർ നുമേറെറി ആയി നിയമിക്കാമെന്നും സത്യവാങ് മൂലം നൽകി കേസ് അവസാനിപ്പിച്ചു. ഇതിനെ തുടർന്ന് 164 പേർക്ക് പി.എസ്.സി അഡ്വൈസ് മെമോ 2020 സെപ്തംബർ 14 നു നൽകിയെങ്കിലും കെ.എസ്.ഇ.ബി 75 പേർക്ക് മാത്രം ആ മാസം തന്നെ നിയമന ഉത്തരവ് നല്കിയുള്ളു. ഇതിനെ തുടർന്ന് ബാക്കിയുള്ള 89 പേരിൽ ചിലർ കോടതി അലക്ഷ്യ ഹർജികൾ നൽകി. ഇതിൽ ചിലർ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകൾ അന്യായമായി അസിസ്റ്റന്റ് എക്സികുട്ടീവ് തസ്‌തികകൾ ആയി മാറ്റിയ കാര്യം ചൂണ്ടി കാട്ടിയിരുന്നു. എല്ലാവര്ക്കും നിയമനം നൽകാമെന്ന് 2021 ഒക്ടോബർ മാസത്തിൽ ബോർഡ് കോടതിയിൽ ബോധിപ്പിച്ചതിനെ തുടർന്ന് കോടതി അലക്ഷ്യ കേസ് തീർപ്പാവുകയും ബാക്കിയുള്ള എല്ലാവര്ക്കും ഒക്ടോബർ 25 നു ജോലിയിൽ പ്രവേശിക്കാമെന്ന രീതിയിൽ നിയമന ഉത്തരവ് നൽകുകയും ചെയ്തു.
താത്കാലിക അപ്ഗ്രഡേഷൻ നടത്തിയതിൽ ബാക്കിയുള്ള 130 അസിസ്റ്റന്റ് എക്സികുട്ടീവ് എഞ്ചിനീയർ തസ്തികകളും അസിസ്റ്റന്റ് എഞ്ചിനീയർ തസ്തിക ആക്കാൻ ബോർഡ് ഇപ്പോൾ ഉത്തരവായിരിക്കയാണ്. ഇപ്പോഴുള്ള 710 അസിസ്റ്റന്റ് എക്സികുട്ടീവ് എൻജിനീയർമാരിൽ 31 പേരെ തരം താഴ്ത്തി 679 എണ്ണം ആയി നിലനിറുത്താനും തീരുമാനിച്ചിട്ടുണ്ട്. ഇത് മൂലം വൈദ്യുതി ഭവനുകളലടക്കം ഓഫീസ് തസ്തികകളിലിരിക്കുന്ന 130 അസിസ്റ്റന്റ് എക്സികുട്ടീവ് എൻജിനീയർമാർക്ക് തൽസ്ഥാനം അസിസ്റ്റന്റ് എഞ്ചിനീയർമാർക്ക് ഒഴിഞ്ഞു കൊടുക്കേണ്ടി വരും. അതിനിടെ സർക്കാർ അനുമതിയില്ലാതെ സൂപ്പർ നുമേറെറി തസ്തിക സൃഷ്ടിച്ചു വൈദ്യുതി ബോർഡിന് അധിക ഭാരം ഉണ്ടാക്കിയതിന്റെ അന്വേഷണം സ്റ്റേറ്റ് വിജിലൻസ് അടക്കമുള്ള ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.