ബന്ധു നിയമന വിവാദത്തിലെ ലോകായുക്ത റിപ്പോര്‍ട്ടിന് എതിരെ മുന്‍ മന്ത്രി കെ.ടി ജലീല്‍ സുപ്രീം കോടതിയെ സമീപിച്ചു. ലോകായുകത സ്വാഭാവിക നീതി നിഷേധിച്ചുവെന്ന് ആരോപിച്ചാണ് ജലീല്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ലോകായുക്ത റിപ്പോര്‍ട്ടും ഹൈക്കോടതി വിധിയും അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ജലീല്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ബന്ധുവായ കെ.ടി. അദീബിന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷനില്‍ നിയമനം നല്‍കിയതില്‍ ജലീല്‍ സ്വജനപക്ഷപാതം കാണിച്ചു എന്നായിരുന്നു ലോകായുക്ത റിപ്പോര്‍ട്ട്. എന്നാല്‍ സ്വജന പക്ഷപാതം നടന്നിട്ടില്ല എന്ന് ജലീല്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താതെയാണ് ലോകായുക്ത റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തന്റെ ഭാഗം ലോകായുക്ത കേട്ടിട്ടില്ല. പരാതിക്കാര്‍ വാക്കാല്‍ നടത്തിയ വാദത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ലോകായുക്ത റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്നും ജലീല്‍ ആരോപിച്ചിട്ടുണ്ട്.