മുൻ മന്ത്രി കെ.ടി. ജലീൽ എംഎൽഎ കൊച്ചിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഓഫിസിൽ. മുസ്‍ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരെ ഉയർത്തിയ ആരോപണത്തിൽ തെളിവു നൽകുന്നതിനാണ് എത്തിയിരിക്കുന്നത് എന്നാണു വിവരം.
എആർ നഗർ സഹകരണ ബാങ്കിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണ നിക്ഷേപമുണ്ടെന്നും കള്ളപ്പണം വെളുപ്പിക്കൽ നടത്തിയിട്ടുണ്ടെന്നും ജലീൽ ആരോപിച്ചിരുന്നു. ഇവ സംബന്ധിച്ചു വിവിധ കേന്ദ്ര ഏജൻസികൾക്ക് പരാതിയും നൽകിയിരുന്നു. ഇതേ തുടർന്നു തെളിവുകൾ ഹാജരാക്കാൻ ഇഡി ജലീലിനോട് ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് എത്തിയിരിക്കുന്നത്.
രാവിലെ പത്തരയോടെ എംഎൽഎയുടെ ബോർഡു വച്ച കാറിലാണ് ജലീൽ ഇഡി ഓഫിസിലെത്തിയത്. ചന്ദ്രികയുമായി ബന്ധപ്പെട്ട പത്തു കോടി രൂപയുടെ കള്ളപ്പണ ഇടപാട് ആരോപണത്തിൽ ഇഡി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കുഞ്ഞാലിക്കുട്ടിക്ക് ബാങ്കിൽ 300 കോടി രൂപയുടെ കള്ളപ്പണം ഉണ്ടെന്ന ആരോപണം ഉയർത്തിയത്. ബാങ്ക് സെക്രട്ടറിക്കെതിരെയും ജലീൽ ആരോപണം ഉയർത്തിയിരുന്നു.