സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കുമെന്ന് മുതിർന്ന നേതാവ് കെ.വി.തോമസ്. ജീവിതത്തിലെ സുപ്രധാന തീരുമാനം അറിയിക്കാനാണ് വാർത്താസമ്മേളനമെന്നും അദ്ദേഹം പറഞ്ഞു.
‘മാര്‍ച്ചിൽ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ കണ്ടിരുന്നു. അദ്ദേഹമാണ് സെമിനാറിന്റെ വിഷയം പറഞ്ഞത്. ദേശീയ പ്രാധാന്യമുള്ള സെമിനാറാണ് നടക്കാൻ പോകുന്നത്. സെമിനാറിൽ പങ്കെടുക്കാൻ താൽപര്യമുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചിരുന്നു’– അദ്ദേഹം പറഞ്ഞു.
പാർട്ടിയിൽനിന്നു പുറത്തുപോകാൻ മനസ്സുണ്ടെങ്കിലേ തോമസ് സിപിഎം സെമിനാറിൽ പങ്കെടുക്കൂ എന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവനയെക്കുറിച്ച് ‘അങ്ങനെയൊക്കെ പറയാമോ’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കെ.വി.തോമസ് കോൺഗ്രസ് വിരുദ്ധ നിലപാട് എടുക്കില്ലെന്നും പാർട്ടി അച്ചടക്കത്തിന്റെ ഫ്രെയിമിൽ നിൽക്കുന്ന നേതാവാണ് അദ്ദേഹമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഗുരുവായൂരിൽ പറഞ്ഞു.