സിൽവർലൈൻ പദ്ധതിക്കുവേണ്ടി ഏറ്റെടുക്കുന്ന വസ്തുവിന്റെ അടിസ്ഥാനവില നിശ്ചയിക്കുന്നത് ആ പ്രദേശത്ത് അവസാനം നടന്ന ഭൂമിയിടപാടുകൾ അടിസ്ഥാനമാക്കി. ഏറ്റെടുക്കേണ്ട പ്രദേശത്ത് മൂന്നുവർഷത്തിനിടെ നടന്ന ഭൂമിവിൽപ്പനയിൽ ഏറ്റവുമുയർന്ന 50 ശതമാനം ഇടപാടുകളുടെ ശരാശരി അടിസ്ഥാനമാക്കിയാണ് വില നിശ്ചയിക്കുന്നത്. പ്രാഥമിക വിജ്ഞാപനം വരുന്ന ദിവസത്തിനു മുമ്പേയുള്ള മൂന്നുവർഷത്തെ രജിസ്‌ട്രേഷൻ വിവരങ്ങളാണ് ഇതിനായി ശേഖരിക്കുന്നത്.
നിശ്ചിത സമയത്തിനുള്ളിൽ സ്ഥലമേറ്റെടുക്കൽ പൂർത്തീകരിക്കണമെന്ന് നിബന്ധനയുള്ള 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമാണ് നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുള്ളത്. സാമൂഹിക ആഘാത പഠന റിപ്പോർട്ടാണ് പദ്ധതിയുടെ ഭാവി നിശ്ചയിക്കുന്നത്. പദ്ധതിയോട് എതിർപ്പുള്ള പ്രദേശവാസികൾക്ക് പഠനം നടക്കുന്ന വേളയിൽ ഇക്കാര്യം വ്യക്തമാക്കാം. റിപ്പോർട്ട് വിദഗ്ധ സമിതി പരിശോധിക്കും. രണ്ടുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. ഈ സമിതിയുടെ ശുപാർശ പ്രകാരമാണ് സ്ഥലമേറ്റെടുക്കൽ വേണ്ടതുണ്ടോ എന്ന് തീരുമാനിക്കുന്നത്.
സമിതി ശുപാർശ ചെയ്താൽ സർക്കാർ പ്രാഥമിക വിജ്ഞാപനം ഇറക്കണം. ജില്ലാതല പർച്ചേസ് കമ്മിറ്റി രൂപവത്കരിച്ച് സ്ഥലവില സംബന്ധിച്ച് ഭൂ ഉടമകളുമായി ധാരണയിലെത്തണം. ഒരുവർഷമാണ് അനുവദിച്ചിട്ടുള്ളത്. ഇതിനുള്ളിൽ അന്തിമവിജ്ഞാപനം ഇറക്കണം. ഒരുവർഷത്തിനുള്ളിൽ തുക കൈമാറി വസ്തു ഏറ്റെടുക്കണം. ഇതിൽ വീഴ്ച സംഭവിച്ചാൽ അതുവരെ നടന്ന നടപടികളെല്ലാം റദ്ദാക്കപ്പെടും. സാമൂഹിക ആഘാത പഠനം ആരംഭിച്ച സ്ഥിതിക്ക് രണ്ടരവർഷത്തിനുള്ളിൽ സ്ഥലമേറ്റെടുക്കൽ പൂർത്തീകരിക്കേണ്ടതുണ്ട്.
പ്രാഥമിക വിജ്ഞാപനം വന്നശേഷവും ഉടമയ്ക്ക് ഭൂമി വിൽക്കാം. തഹസിൽദാർക്ക് അപേക്ഷ നൽകിയാൽ ആധാരം രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകും. വില നിശ്ചയിച്ച് അന്തിമവിജ്ഞാപനം ഇറങ്ങിയാൽ ഭൂമി കൈമാറ്റത്തിന് വിലക്ക് വരും. ഏറ്റെടുക്കേണ്ട ഭൂമിയിലെ കെട്ടിടങ്ങൾക്ക് പൊതുമരാമത്ത് വകുപ്പും മരങ്ങൾക്ക് വനംവകുപ്പുമാണ് വിലനിശ്ചയിക്കുന്നത്. അടിസ്ഥാനവില, കെട്ടിടങ്ങൾ, വൃക്ഷങ്ങൾ എന്നിവയുടെ വില, പ്രദേശത്തിന്റെ ഘടന അനുസരിച്ചുള്ള പ്രത്യേക വിഹിതം എന്നിവ അടിസ്ഥാനമാക്കിയാണ് കമ്പോളവില നിശ്ചയിക്കുന്നത്. ഇതിന്റെ ഇരട്ടി ആശ്വാസധനത്തിന് അർഹതയുണ്ട്. സാമൂഹിക ആഘാത പഠനത്തിന് വിജ്ഞാപനം ഇറങ്ങിയ ദിവസംമുതൽ ഭൂമിവിലയുടെ 12 ശതമാനം പലിശയ്ക്ക് ഭൂ ഉടമകൾക്ക് അർഹതയുണ്ട്.