മൈക്രോസോഫ്റ്റിന്റെ കീഴിലുള്ള ലിങ്ക്ഡ്ഇനിൽ വൻ സുരക്ഷാവീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. ലിങ്ക്ഡ്ഇൻ ഉപഭോക്താക്കളിൽ 92 ശതമാനം പേരുടെയും സ്വകാര്യ വിവരങ്ങൾ ചോർന്നു. ആഗോളതലത്തിലുള്ള 70 കോടി പേരുടെ വിവരങ്ങളാണ് ചോർന്നത്. ചോർന്ന വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപനയ്ക്ക് വെച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ ഓൺലൈൻ, ഓഫ്‌ലൈൻ വിലാസങ്ങൾ, ജിയോലൊക്കേഷൻ റെക്കോർഡുകൾ, പ്രതീക്ഷിക്കുന്ന ശമ്പളം എന്നിവയൊക്കെ ചോർന്നിട്ടുണ്ട്.
ജൂൺ 22 നാണ് 70 കോടി ലിങ്ക്ഡ്ഇൻ ഉപയോക്താക്കളുടെ ഡേറ്റാ വിൽപനയുടെ പരസ്യം പ്രത്യക്ഷപ്പെട്ടത്. മുൻനിര ഹാക്കർ ഫോറത്തിലാണ് പരസ്യം ചെയ്തിരുന്നത്. ഇതോടെയാണ് ലിങ്ക്ഡ്ഇൻ വിവരങ്ങൾ ചോർന്ന വിവരം പുറംലോകം അറിയുന്നത്. വിവരങ്ങളുടെ കുറച്ചു ഭാഗമാണ് പരസ്യത്തിനൊപ്പം നൽകിയിരുന്നത്. റീസ്റ്റോർപ്രൈവസിയുടെ റിപ്പോർട്ട് പ്രകാരം പരസ്യത്തോടൊപ്പം നൽകിയിരിക്കുന്ന ഫയലിൽ തന്നെ 10 ലക്ഷം പേരുടെ സ്വകാര്യ വിവരങ്ങളുണ്ടെന്നാണ്..
2020 മുതൽ 2021 വരെയുള്ള വിവരങ്ങളാണ് പുറത്തായിരിക്കുന്നത്. ചോർന്ന വിവരങ്ങളിലെ ഡേറ്റയെല്ലാം പുതിയതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവയിൽ ചിലത് ഉപയോക്താക്കളുടെ പേരുകൾ, ഇമെയിൽ ഐഡികൾ, ഫോൺ നമ്പറുകൾ, മേൽ വിലാസങ്ങൾ, ജിയോലൊക്കേഷൻ റെക്കോർഡുകൾ എന്നിവ ഉൾപ്പെടുന്നതാണ്.
ചോർന്ന മറ്റ് ഡേറ്റകളിൽ പ്രധാനപ്പെട്ടത് ലിങ്ക്ഡ്ഇൻ യൂസർനെയിം, പ്രൊഫൈൽ യുആർഎൽ, പ്രൊഫഷണൽ പശ്ചാത്തലം, ഉപയോക്താക്കളുടെ മറ്റ് സമൂഹ മാധ്യമങ്ങളുടെ അക്കൗണ്ടുകൾ എന്നിവയുടെ വിവരങ്ങളാണ്. എന്നാൽ അക്കൗണ്ട് പാസ്‌വേർഡുകൾ ചോർന്നിട്ടില്ലെന്നാണ് റിപ്പോർട്ട്. ലിങ്ക്ഡ്ഇൻൽ സംഭവിക്കുന്ന രണ്ടാമത്തെ വലിയ ഡേറ്റാ ചോർച്ചയാണിത്. ആദ്യത്തെ ആക്രമണത്തിൽ ഏകദേശം 50 കോടി പേരുടെ വിവരങ്ങളാണ് ചോർന്നിരുന്നത്. എന്നാൽ ഡേറ്റാ ചോർച്ചയെ കുറിച്ച് ലിങ്ക്ഡ്ഇൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.