സംസ്ഥാനത്ത് ഞായറാഴ്ച മദ്യശാലകൾ തുറക്കില്ലെന്നു ബെവ്കോ അറിയിച്ചു. ഞായറാഴ്ച മദ്യശാലകൾ തുറക്കുമെന്നായിരുന്നു ബെവ്കോ നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, സർക്കാർ ശനിയാഴ്ച പുറത്തിറക്കിയ ഉത്തരവിൽ മദ്യശാലകൾ തുറക്കുന്നതിനെക്കുറിച്ചു പരാമർശമില്ല.
ബക്രീദ് പ്രമാണിച്ച് മൂന്നു ദിവസത്തേക്കു ലോക്ഡൗൺ നിയന്ത്രണങ്ങളിൽ പ്രത്യേക ഇളവ് അനുവദിച്ചിട്ടുണ്ട്. എ,ബി,സി വിഭാഗത്തിലുള്ള (ടിപിആർ 15 വരെ) പ്രദേശങ്ങളിൽ അവശ്യസാധന കടകൾക്കു പുറമേ തുണിക്കട, ചെരിപ്പുകട, ഇലക്ട്രോണിക് കട, ഫാൻസി കട, സ്വർണക്കട എന്നീ വ്യാപാര സ്ഥാപനങ്ങൾക്കും രാത്രി 8 വരെ തുറക്കാൻ അനുമതിയുണ്ട്.