കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇടുക്കി ഡിറ്റിപിസിയുടെ കീഴിലുള്ള വാഗമണ്‍ മൊട്ടക്കുന്ന്, അരുവിക്കുഴി, രാമക്കല്‍മേട്, ആമപ്പാറ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സെപ്റ്റംബര്‍ 12 വരെ അടച്ചു. ഇൗ പ്രദേശങ്ങൾ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുതിനാലാണ് താൽക്കാലികമായി അടച്ചിരിക്കുന്നതെന്നു ഡിറ്റിപിസി സെക്രട്ടറി ഗിരീഷ് പിഎസ് അറിയിച്ചു.
കോവിഡ് 19 എന്ന മഹാമാരി ലോകത്തെ നിശ്ചലമാക്കിയപ്പോൾ ഏറ്റവും കനത്ത പ്രഹരം ഏറ്റു വാങ്ങിയത് ടൂറിസം മേഖലയാണ്. നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ ഇടുക്കി ടൂറിസം കേന്ദ്രങ്ങൾ സഞ്ചാരികൾക്കായി തുറന്നിരുന്നു. ഒാണക്കാല അവധിയാഘോഷത്തിനായി നിരവധി പേരാണ് വാഗമൺ, രാമക്കല്‍മേട് അടക്കമുള്ള ഇടത്തേക്ക് ഒഴുകിയെത്തിയത്. ഏറെക്കാലമായി അടഞ്ഞുകിടക്കുന്ന കേന്ദ്രങ്ങളോട് ചേർന്ന് ഉപജീവനം നടത്തുന്ന ഒട്ടേറെ പേർക്ക് വീണ്ടും പ്രതീക്ഷയുടെ നാളുകളായിരുന്നു.
പകർച്ചവ്യാധി സൃഷ്ടിച്ച പ്രതിസന്ധികളിൽ നിന്നു ടൂറിസം മേഖല തിരിച്ചു വരവിന്റെ പാതയിലായിരുന്നു. ഇപ്പോൾ ജനങ്ങൾ വീണ്ടും നിരാശയിലാണ്. ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രദേശങ്ങളിൽ കോവിഡ് രോഗം പടർന്നു പിടിച്ചിരിക്കുകയാണ്. സഞ്ചാരികളുടെ പ്രവേശനം താൽക്കാലികമായി വിലക്കിയിരിക്കുകയാണ്. കോവിഡ് മൂലം സംജാതമായ പ്രതിസന്ധി മറികടക്കാൻ കുറച്ചു നാൾ കൂടി നമുക്ക് കാത്തിരിക്കേണ്ടി വരും. കോവിഡ് കാലത്തെ തരണം ചെയ്ത് ടൂറിസം പൂർവാധികം ശക്തിയോടെ തിരിച്ചു വരും തീർച്ച.