മോഹൻലാൽ, പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേയ്ക്ക് ഹൈദരാബാദിൽ ചിത്രീകരണം തുടങ്ങി. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണത്തിനാണ് തുടക്കമായത്. സിൽവയാണ് സംഘട്ടന സംവിധായകൻ. ലൂസിഫറിന്റെയും സംഘട്ടനം സംവിധാനം ചെയ്തത് സിൽവയായിരുന്നു.
ചിരഞ്ജീവിയുടെ 153ാമത്തെ ചിത്രമാണ് ഇത്. ജയം മോഹൻരാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നീരവ് ഷാ ആണ് ഛായാഗ്രഹണം. എസ് തമൻ ആണ് സംഗീതം.
ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ചുള്ള സൂചനകൾ നേരത്തെ പുറത്ത് വന്നിരുന്നു. നയൻതാര ചിത്രത്തിൽ ചിരഞ്ജീവിയുടെ നായികയായെത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നു. സത്യദേവ് ആണ് മറ്റൊരു താരം.
ലൂസിഫർ വൻ ഹിറ്റായി മാറിയതിന് പിന്നാലെയാണ് ചിരഞ്ജീവി ചിത്രത്തിന്റെ റീമേയ്ക്ക് അവകാശം സ്വന്തമാക്കിയത്. ചിത്രം ഇഷ്ടപ്പെട്ടുവെങ്കിലും പ്രണയവും ആക്ഷനുമെല്ലാം നിറഞ്ഞ മാസ് ചിത്രമായി ഒരുക്കുന്നതിന് വേണ്ട മാറ്റങ്ങൾ വരുത്തണമെന്ന് ചിരഞ്ജീവി ആവശ്യപ്പെട്ടിരുന്നു. പിന്നീട് സുജീത്ത്, വി.വി വിനായക് എന്നീ പേരുകൾ ചിത്രത്തിന്റെ സംവിധായക സ്ഥാനത്ത് വന്നുവെങ്കിലും ഇവർ തിരക്കഥയിൽ വരുത്തിയ മാറ്റങ്ങൾ താരത്തിന് തൃപ്തികരമാവാതിരുന്നതിനെ തുടർന്നാണ് തമിഴ് സംവിധായകൻ മോഹൻരാജ ഈ പ്രൊജക്ടിന്റെ ഭാഗമാകുന്നത്.
നേരത്തെ തിരക്കഥയിൽ ചിരഞ്ജീവി തൃപ്തനല്ലാത്തതിനാൽ റീമേക്ക് ഉപേക്ഷിക്കുന്നതായി തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എൻ.വി പ്രസാദ് ആണ് തെലുങ്ക് ലൂസിഫർ നിർമിക്കുന്നത്. എസ് തമൻ ആണ് സംഗീത സംവിധാനം.