അനധികൃത റിക്രൂട്മെന്റിന് ഇരയായി കുവൈത്ത് എംബസിയുടെ അഭയകേന്ദ്രത്തിൽ കഴിയുന്ന നൂറോളം പേരിൽ കൂടുതലും മലയാളികളാണെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്.
അനധികൃത മാർഗത്തിൽ കുവൈത്തിലെത്തി ഇന്ത്യൻ എംബസിയുടെ സഹായം തേടുന്ന ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, അനധികൃത റിക്രൂട്മെന്റിന്റെ കേന്ദ്രമായി കൊച്ചി മാറുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ, കുവൈത്തിലേക്ക് ഒട്ടേറെ യുവതികളെ കടത്തിയത് ഷാർജ വഴിയാണെന്നു വ്യക്തമായി.
യുഎഇ സന്ദർശക വീസയിൽ യുവതികളെ ഷാർജയിൽ എത്തിച്ച് അവിടെ നിന്നാണു കുവൈത്തിലേക്കു കൊണ്ടുപോയിരുന്നത്. പത്താം ക്ലാസ് യോഗ്യത ഇല്ലാത്തവർക്ക് വിദേശ ജോലിക്ക് എമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കാത്തതിനാലാണ് ഈ രീതിയിൽ എത്തിക്കുന്നത്. യോഗ്യതയുള്ളവരെ നേരിട്ടു കുവൈത്തിലേക്ക് അയയ്ക്കും.
ഏജന്റിന്റെ സ്വാധീനം ഉപയോഗിച്ച് താൽക്കാലിക എമിഗ്രേഷൻ ക്ലിയറൻസ് എടുത്ത് യുവതികളെ യാത്രയാക്കുന്ന സംഭവങ്ങളുമുണ്ട്. ചെന്നൈ, ലക്നൗ വിമാനത്താവളങ്ങൾ വഴിയും ചിലരെ ഏജന്റുമാർ അയയ്ക്കുന്നുണ്ടെങ്കിലും കൊച്ചി തന്നെയാണു പ്രധാന കേന്ദ്രം. യുഎഇക്കു പുറമെ മറ്റു ചില ഗൾഫ് രാജ്യങ്ങളിലേക്കു സന്ദർശകവീസയിലെത്തിച്ച ശേഷവും കുവൈത്തിലേക്കു വിടുന്നുണ്ട്.
അനധികൃത റിക്രൂട്മെന്റിന് ഇരയായി കുവൈത്തിൽ എത്തി ദുരിതത്തിലായ കൊല്ലം സ്വദേശിനി വൈകാതെ നാട്ടിലെത്തും. അമിതമായ വീട്ടുജോലിയും പട്ടിണിയും മൂലം വലഞ്ഞ ഇവർ സ്വദേശിയുടെ വീട്ടിൽനിന്ന് രക്ഷപ്പെട്ട് പ്രവാസി ഇന്ത്യക്കാരുടെ സഹായം തേടുകയായിരുന്നു.