കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനു മുൻപു ജില്ലാ ബാങ്കുകളിൽ നടത്തിയതു വൻ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ചു പല ജില്ലാ ബാങ്കുകളിലും അനർഹമായി സ്ഥാനക്കയറ്റങ്ങളും ആനുകൂല്യങ്ങളും നൽകി. അടിയന്തര നടപടി സ്വീകരിക്കണമെന്നും അധിക തുക തിരിച്ചുപിടിക്കണമെന്നും സഹകരണ സംഘം റജിസ്ട്രാർ ഉത്തരവിട്ടു.
മലപ്പുറം ഒഴികെയുള്ള 13 ജില്ലാ ബാങ്കുകൾ കേരള ബാങ്കിൽ ലയിപ്പിച്ചതിന്റെ ഭാഗമായി ജീവനക്കാരുടെ ശമ്പളം അടക്കമുള്ള ആനുകൂല്യങ്ങൾ നിശ്ചയിച്ചതിൽ വലിയ ക്രമക്കേടുണ്ടായെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. പാർട്ട് ടൈം സ്വീപ്പർമാർ, 31 ജൂനിയർ അക്കൗണ്ടന്റുമാർ, ഡപ്യൂട്ടി മാനേജർ തുടങ്ങിയ തസ്തികകളിൽ നിയമവിരുദ്ധ സ്ഥാനക്കയറ്റങ്ങൾ ഉണ്ടായി. ഇതുമൂലം ഒട്ടേറെ പിഎസ്‍സി ഉദ്യോഗാർഥികൾക്ക് അവസരം നഷ്ടമായി. ഇൻക്രിമെന്റ് അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കാൻ പാടില്ലെന്നിരിക്കെ ഇങ്ങനെ പലർക്കും ലക്ഷക്കണക്കിനു രൂപ അധികമായി നൽകി.
അനധികൃതമായി നൽകിയ സ്ഥാനക്കയറ്റങ്ങൾ ഈ സാമ്പത്തിക വർഷം തന്നെ ക്രമീകരിക്കണമെന്നു സഹകരണ റജിസ്ട്രാർ ഉത്തരവിട്ടിട്ടുണ്ട്. അധികം കൈപ്പറ്റിയ ശമ്പളം അടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും ജീവനക്കാരിൽ നിന്ന് ഉടൻ തിരികെ ഈടാക്കണം.
ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയ ക്രമക്കേടുകൾ പരിഹരിക്കാൻ കേരള ബാങ്ക് പ്രത്യേക സെൽ രൂപീകരിച്ച് ഈ മാസം തന്നെ റിപ്പോർട്ട് സമർപ്പിക്കാനും റജിസ്ട്രാർ നിർദേശിച്ചിട്ടുണ്ട്.