മമ്മൂട്ടി മുഖ്യമന്ത്രയുടെ വേഷത്തിലെത്തിയ വണ്‍ എന്ന ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂര്‍. ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ ഇന്ത്യയിലെ മറ്റ് ഭാഷകളിലേയ്ക്കുള്ള സിനിമയുടെ അവകാശമാണ് ബോണി കപൂറിന്റെ ഉടമസ്ഥതയിലുള്ള നരസിംഹ എന്റർപ്രൈസസ് എന്ന കമ്പനി നേടിയിരിക്കുന്നത്. നേരത്തെ ഹെലന്‍ എന്ന മലയാളം ചിത്രത്തിന്റെ റീമേക്കും ബോണി കപൂര്‍ സ്വന്തമാക്കിയിരുന്നു.
മകള്‍ ജാന്‍വി കപൂറിനെ നായികയാക്കിയാണ് ഹിന്ദിയില്‍ ഹെലന്‍ ഒരുക്കുന്നത്. അജയ് ദേവ്ഗണ്‍ നായകനായ മൈദാന്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ബോണി കപൂര്‍. ഈ ചിത്രം പൂര്‍ത്തിയായാല്‍ ഹെലനിലേക്ക് കടക്കും. 2019ല്‍ ഇറങ്ങിയ തമിഴ് ചിത്രം കൊമാളിയുടെ ഹിന്ദി റീമേക്കും ബോണി കപൂറിന്റെ കമ്പനിക്കാണ്. അര്‍ജുണ്‍ കപൂറാണ് ഇതിലെ നായകന്‍. 2022 പകുതിയോടെയാകും വണ്‍ എന്ന ചിത്രത്തിന്റെ ചിത്രീകണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍. അതേസമയം എത്രതുകയ്ക്കാണ് റീമേക്ക് അവകാശം സ്വന്തമാക്കിയത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല.
ബോബി-സഞ്ജയ് ആണ് വണിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രത്തില്‍ കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരുന്നത്. നിമിഷ സജയന്‍, മാത്യു തോമസ്, മുരളി ഗോപി എന്നിവരാണ് മമ്മൂട്ടിക്ക് പുറമെ ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. ആര്‍.വൈദി സോമസുന്ദരമായിരുന്നു ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ഇഷാനി കൃഷ്ണകുമാര്‍, രഞ്ജി പണിക്കര്‍, ബാലചന്ദ്രമേനോന്‍, ജോജു ജോര്‍ജ്, സലിംകുമാര്‍, മുരളി ഗോപി, മാമുക്കോയ, സുരേഷ് കൃഷ്ണ, സുദേവ് നായര്‍ തുടങ്ങിയവരായിരുന്നു മറ്റു താരങ്ങള്‍.