സേതുരാമയ്യർ സിബിഐ എന്ന മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് കഥാപാത്രം വീണ്ടും വരുന്നു. സിബിഐ നിരയിലെ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണത്തിന് കൊച്ചിയിൽ തുടക്കമായി. ചിത്രത്തിന്റെ പൂജ നവംബര്‍ 29ന് നടന്നു. സംവിധായകൻ കെ. മധു, തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി, നിർമാതാവ് സ്വര്‍ഗ്ഗചിത്ര അപ്പച്ചൻ തുടങ്ങിയവർ പൂജ ചടങ്ങിൽ പങ്കെടുത്തു. മമ്മൂട്ടി ഡിസംബര്‍ 5 നാണ് ജോയിന്‍ ചെയ്യുക.
എറണാകുളത്തും പരിസര പ്രദേശങ്ങളിലുമാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ. എറണാകുളം, തിരുവനന്തപുരം, ഹൈദരാബാദ്, ന്യൂഡൽഹി എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാക്കാനാണ് ഉദ്ദേശം. മുകേഷ് ഉൾപ്പെടെ പഴയ ടീമിൽ ഉണ്ടായിരുന്നവർക്കു പുറമെ രഞ്ജിപണിക്കർ ഉൾപ്പെടെയുള്ള താരങ്ങളും ഈ സിനിമയിലുണ്ട്.
അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ജേക്‌സ് ബിജോയ് സംഗീത സംവിധാനം. സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്. രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ആശ ശരത്ത്, മാളവിക മേനോൻ എന്നിവരാണ് പുതിയതായി സിനിമയിലുള്ള താരങ്ങള്‍. മുകേഷും സായിക്കുമാറും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കും.