പ്രമുഖ സമൂഹമാധ്യമ കമ്പനിയായ ഫെയ്സ്ബുക് ഏഴു മണിക്കൂർ പണിമുടക്കിയതോടെ ഉടമ മാർക്ക് സക്കർബർഗിന് നഷ്ടമായത് 6 ബില്യൻ ഡോളർ (ഏകദേശം 44,732 കോടി രൂപ). ലോകമാകെ സേവനം മുടങ്ങിയതാണ് ഇത്ര വലിയ നഷ്ടമുണ്ടാക്കിയതെന്നു ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി ഒൻപതോടെയാണു ഫെയ്സ്ബുക്, സഹ കമ്പനികളായ ഇൻസ്റ്റഗ്രാം, വാട്ട്സാപ് എന്നിവ തടസ്സപ്പെട്ടത്.
തകരാർ പരിഹരിച്ചെന്നും ഉപയോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നുവെന്നും സക്കർബർഗ് വ്യക്തമാക്കി. പലയിടങ്ങളിലും മെസഞ്ചർ സേവനങ്ങളിലെ തകരാർ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. ഉപയോക്താക്കളെ സെർവറുമായി ബന്ധിപ്പിക്കുന്ന ഡൊമെയ്ൻ നെയിം സിസ്റ്റം (ഡിഎൻഎസ്) തകരാറാണു കാരണമെന്നാണു വിലയിരുത്തൽ.
ഫെയ്സ്ബുക് ഓഹരിമൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തി തുടങ്ങി. ലാഭത്തിനു മുന്നിൽ ഫെയ്സ്ബുക് സുരക്ഷയെ അടിയറവ് വയ്ക്കുന്നു എന്ന റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ഈ തകരാറുമുണ്ടായത്. കഴിഞ്ഞ സെപ്റ്റംബറില്‍ ‘ദ് വാള്‍സ്ട്രീറ്റ് ജേണല്‍’ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഫെയ്സ്ബുക്കില്‍ ചില പ്രശ്നങ്ങള്‍ ഉള്ളതായും ഇന്‍സ്റ്റഗ്രാമില്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള വിവരങ്ങള്‍ ഉള്ളതായും പറഞ്ഞിരുന്നു.
രാഷ്ട്രീയ ധ്രുവീകരണം അടക്കമുള്ള കാര്യങ്ങളും ഉന്നയിക്കപ്പെട്ടിരുന്നതായി ഫെയ്സ്‌ബുക് വൈസ് പ്രസിഡന്‍റ നിക്ക് ക്ലേഗ് ചൂണ്ടിക്കാട്ടി. ഫെയ്സ്ബുക്കിന്റെ അപ്രതീക്ഷിത പണിമുടക്ക് സക്കർബർഗിന്റെ ഗ്രാഫും കുത്തനെ ഇടിച്ചിട്ടുണ്ട്. നിലവിൽ ലോക സമ്പന്നരിൽ അഞ്ചാമതാണ് സക്കർബർഗുള്ളത്.