ഉപേക്ഷിച്ച പദ്ധതിയിലേക്ക് കിറ്റെക്സ് തിരിച്ചുവരണമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. നടന്നതെന്തെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. നാടിനു ക്ഷീണമുണ്ടാകുന്ന പ്രവൃത്തികള്‍ അനുവദിക്കില്ല. പ്രശ്നത്തെ ഗൗരവമായി കാണുന്നുവെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
കിറ്റെക്സ് സന്ദർശിക്കാൻ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരെത്തിയിരുന്നു. ഇതാദ്യമായാണ് കിറ്റെക്സിലേക്ക് വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരെത്തുന്നത്. എറണാകുളം ജില്ല വ്യവസായ വകുപ്പ് ജനറൽ മാനേജർ, ബിജു പി. എബ്രഹാം, മാനേജർ ഷീബ എസ്. എന്നിവരാണ് കിറ്റെക്സിലെത്തിയത്. സർക്കാർ നിർദേശപ്രകാരമാണ് നടപടി. ഉദ്യോഗസ്ഥർ കിറ്റെക്സ് ചെയർമാൻ സാബു എം. ജേക്കബുമായി ചർച്ച നടത്തി. പരാതികൾ കേൾക്കാനും കിറ്റെക്സിൽ നടന്ന കാര്യങ്ങളെ കുറിച്ച് റിപ്പോർട്ട് തയാറാക്കാനുമാണ് ഉദ്യോഗസ്ഥരെത്തിയതെന്ന് സാബു എം. ജേക്കബ് പറഞ്ഞു.
വ്യവസായ വകുപ്പിന്റെ തുടർച്ചയായ പരിശോധനകൾ കാരണം കഴിഞ്ഞ വർഷം അസെൻഡ് നിക്ഷേപക സംഗമത്തിൽ സര്‍ക്കാരുമായി ഒപ്പുവച്ച 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽനിന്ന് പിന്മാറുന്നതായി കിറ്റെക്സ് ചെയർമാൻ സാബു ജേക്കബ് പറഞ്ഞിരുന്നു. അപ്പാരല്‍ പാര്‍ക്കും കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ 600 പുതുസംരംഭകര്‍ക്ക് അവസരം ഒരുങ്ങുമായിരുന്ന വ്യവസായ പാര്‍ക്കും നിര്‍മിക്കാനുള്ള ധാരണാപത്രത്തില്‍ നിന്നാണു കിറ്റെക്സ് പിന്മാറുമെന്ന് അറിയിച്ചത്.