പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നേരിട്ടെത്തി കുഴിയടച്ച കോഴിക്കോട് രാമനാട്ടുകര ബൈപാസ് റോഡ് രണ്ടാഴ്ചയ്ക്കുള്ളില്‍ തകര്‍ന്നു. കനത്തമഴ തുടരുന്നതിനാല്‍ ബൈപാസില്‍ അപകട സാധ്യതയും കൂടി.
രാമനാട്ടുകാര മേല്‍പാലം ഇറങ്ങിവരുന്ന ഭാഗത്താണ് വലിയ കുഴി രൂപപ്പെട്ടത്. ഒരാഴ്ചയ്ക്കിടെ ഏഴുപേര്‍ മരിച്ചതോടെയാണ് മന്ത്രി നേരിട്ടിറങ്ങി കുഴിയടച്ചത്. വെള്ളം നിറഞ്ഞ കുഴിയില്‍ അകപ്പെടാതിരിക്കാന്‍ വാഹനം വെട്ടിച്ചെടുക്കുന്നതാണ് പ്രധാന അപകട കാരണം.
വീതികൂട്ടല്‍ ജോലികളുടെ കരാര്‍ എടുത്തിരുന്ന ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് അന്ന് അറ്റകുറ്റപ്പണി നടത്തിയത്. അവരെ ഒഴിവാക്കി മറ്റൊരു കമ്പനിക്കാണ് ദേശീയപാത അതോറിറ്റി ഇപ്പോള്‍ കരാര്‍ നല്‍കിയിട്ടുള്ളത്. പുതിയ കമ്പനി ഏറ്റെടുക്കും വരെ അറ്റകുറ്റപണി ചെയ്യാന്‍ ഉത്തരവാദിത്തം ഉണ്ടെന്ന് പറഞ്ഞാണ് ഹൈദരാബാദ് കമ്പനിയെക്കൊണ്ട് കുഴിയടപ്പിച്ചത്. ഇനിയും അവര്‍ അതിന് തയാറാകുമോയെന്നതാണ് പ്രധാനം.