കെ.കെ.രമ എംഎൽഎയ്ക്കെതിരെ നടത്തിയ പ്രതികരണത്തിൽ ഒരു ഖേദവുമില്ലെന്നും പരാമർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും സിപിഎം നേതാവ് എം.എം.മണി. പ്രതികരണം ശരിയാണെന്നാണ് തന്റെ വിശ്വാസം. മുഖ്യമന്ത്രിയെ കെ.കെ.രമ നിയമസഭയിൽ കടന്നാക്രമിച്ച് പ്രസംഗിച്ചു. അതിനുശേഷമാണ് താൻ പ്രസംഗിച്ചത്. കഴിഞ്ഞ ഒരു വർഷവും നാലു മാസവുമായി രമ സർക്കാരിനെയും മുഖ്യമന്ത്രിയെയും തേജോവധം ചെയ്തു സംസാരിക്കുന്നു. അതേക്കുറിച്ച് പറയണമെന്ന് തോന്നി. നിയമസഭയിലെ അംഗങ്ങൾക്കെല്ലാം തുല്യപരിഗണനയാണ്. രമയ്ക്ക് പ്രത്യേക റിസർവേഷൻ ഇല്ലാത്തതു കൊണ്ടാണ് പ്രതികരിച്ചത്. കെ.കെ.രമ കടന്നാക്രമിച്ചിട്ടും സിപിഎം ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.
താൻ അവരെ മഹതി എന്നു പറഞ്ഞപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധിച്ചു. ആരോ പ്രതിപക്ഷത്തുനിന്ന് അവർ വിധവയല്ലേ എന്നു വിളിച്ചു ചോദിച്ചു. വിധവയായത് വിധിയല്ലേ എന്നു താൻ പറഞ്ഞു. അതു തെറ്റാണെന്നു തോന്നുന്നില്ല. ദൈവവിശ്വാസിയല്ല, അപ്പോൾ വായിൽ വന്നത് പറഞ്ഞു. സിപിഎമ്മിനു ടിപി വധത്തിൽ പങ്കില്ല. പാര്‍ട്ടിക്കാർ ഉൾപ്പെട്ടെങ്കിൽ പാർട്ടി തീരുമാനിച്ച് ചെയ്തതല്ല. കൊലപാതകത്തെ പാർട്ടി തള്ളിപ്പറഞ്ഞിട്ടുണ്ട്. തനിക്കു കെ.കെ.രമയോട് വിദ്വേഷമില്ല. സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്നും എം.എം.മണി പറഞ്ഞു.