മലയാളത്തിന്‍റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും ചിത്രങ്ങള്‍ വൈറല്‍. ഇരുവരും ഒരുമിച്ച് ദുബൈയില്‍ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്.
യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞ ദിവസമാണ് ദുബൈയിലെത്തിയത്. ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ മലയാളി സിനിമാതാരങ്ങളാണ് ഇവർ. കലാരംഗത്തെ സംഭാവനകൾ കണക്കിലെടുത്താണ് ഇരുവര്‍ക്കും 10 വർഷത്തെ വിസ നൽകുന്നത്. നേരത്തെ ഷാരൂഖ് ഖാൻ, സഞ്ജയ് ദത്ത്, സാനിയ മിർസ തുടങ്ങി കലാകായിക രംഗത്തെ പ്രമുഖര്‍ക്ക് ഗോല്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്. വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന വ്യക്തികള്‍ക്ക് യുഎഇ നല്‍കുന്ന ആദരമാണിത്.
കോവിഡ് വ്യാപനം ആരംഭിച്ച ശേഷം ഇതാദ്യമായാണ് മമ്മൂട്ടി വിദേശ യാത്ര നടത്തിയത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ എന്‍.എം ബാദുഷ മമ്മൂട്ടിയുടെ ദുബൈ യാത്രാ ചിത്രങ്ങള്‍ പങ്കുവെക്കുകയുണ്ടായി. ദുബൈ വിമാനത്താവളത്തില്‍ നിന്നുള്ള മോഹന്‍ലാലിന്‍റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലെത്തി. പിന്നാലെയാണ് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.