ഒടിടി (ഓവർ ദ് ടോപ്) മീഡിയ പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യാനിരുന്ന ‘മോഹൻലാൽ പാക്കേജ്’ സിനിമകൾ തിയറ്ററുകളിൽ റിലീസ് ചെയ്യാൻ കളമൊരുങ്ങിയതോടെ സംസ്ഥാന സർക്കാരിനു വിനോദ നികുതി ഇനത്തിൽ ലഭിക്കുക ഏകദേശം 35 കോടി രൂപ. ഇതിനു പുറമേ, സാംസ്കാരിക ക്ഷേമനിധി വിഹിതമായി 15 കോടിയോളം രൂപയും ഖജനാവിലെത്തും.
ടിക്കറ്റ് ഒന്നിനു 3 രൂപയാണു ക്ഷേമനിധിയിലേക്കു നൽകേണ്ടത്. ഈ ചിത്രങ്ങൾ ചേർന്നു ചുരുങ്ങിയത് 350 – 375 കോടി രൂപ കലക്‌ഷൻ നേടാൻ സാധ്യതയുണ്ടെന്നാണു പ്രാഥമിക വിലയിരുത്തൽ. ചിത്രങ്ങൾ വൻ വിജയമായാൽ സർക്കാരിനു ലഭിക്കുന്ന വരുമാനവും ആനുപാതികമായി ഉയരും. തിയറ്ററുകളിലെ ആളിരമ്പം അനുബന്ധ മേഖലകൾക്കും സാമ്പത്തിക ഉണർവു നൽകും.
മോഹൻലാൽ നായകനായ 5 സിനിമകളാണ് ഒടിടി റിലീസിന് ആലോചിച്ചിരുന്നത്. പ്രിയദർശന്റെ ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’, പ്രിയദർശന്റെ തന്നെ ‘ബോക്സർ’, പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’, ജീത്തു ജോസഫ് ഒരുക്കിയ ‘ട്വൽത് മാൻ’, ഷാജി കൈലാസിന്റെ ‘എലോൺ’ എന്നിവ. എന്നാൽ, സർക്കാരുമായുള്ള ചർച്ചകളെ തുടർന്നാണ് ഒടിടി തീരുമാനം മാറ്റിയതും തിയറ്ററുകളിൽ തന്ന റിലീസ് ചെയ്യാനും വഴി തെളിഞ്ഞത്. ‘മരക്കാർ’ ഡിസംബർ രണ്ടിനു തിയറ്ററുകളിലെത്തുമെന്നു പ്രഖ്യാപനം വന്നു.
കോവിഡ് സ്ഥിതി കൂടി പരിഗണിച്ചു തിയറ്ററുകളിൽ കാണികളുടെ പ്രവേശനം സംബന്ധിച്ച നിയന്ത്രണങ്ങളിൽ സർക്കാർ കൂടുതൽ ഇളവ് അനുവദിക്കുമെന്നാണു സൂചനകൾ. നിലവിൽ, പകുതി സീറ്റുകളിൽ മാത്രമാണു പ്രവേശനം. ഏറെ വൈകാതെ 75 % സീറ്റുകളിൽ പ്രവേശനം അനുവദിച്ചേക്കും. ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’ ഇന്നലെ റിലീസ് ചെയ്തതോടെ ഉണർവു ലഭിച്ച തിയറ്ററുകളെ സംബന്ധിച്ചിടത്തോളം കൂടുതൽ കാണികളെ അനുവദിക്കുന്നതു വലിയ നേട്ടമാകും.