സംസ്ഥാനത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു. ജൂലായ് 12-ന് യുഎഇയില്‍ നിന്ന് എത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരാള്‍ക്ക് ഈ രോഗം സ്ഥിരീകരിക്കുന്നത്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കയച്ച സാമ്പിള്‍ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെ ഇയാളെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രോഗം സ്ഥിരീകരിച്ച ആളിന്റെ മാതാപിതാക്കളും ഓട്ടോ-ടാക്‌സി ഡ്രൈവറുമടക്കം 11 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. രോഗി നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
12-ാം തിയതി യുഎഇയില്‍ നിന്നെത്തിയ വിമാനത്തിലാണ് ഇയാള്‍ വന്നത്. ഒരു തരത്തിലുള്ള ആശങ്കയും വേണ്ടതില്ല. കൊല്ലം ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. വളരെ അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് മാത്രമാണ് രോഗം പടരാന്‍ സാധ്യതയുള്ളതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 9 വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ വാനരവസൂരി ആദ്യമായി കണ്ടെത്തിയത്.