പുരാവസ്തു തട്ടിപ്പില്‍ ആരോപണ വിധേയനായ ചേര്‍ത്തല സിഐ ശ്രീകുമാറിനെ സ്ഥലം മാറ്റി. പാലക്കാട് ക്രൈംബ്രാഞ്ചിലേക്കാണു മാറ്റിയത്. പ്രതി മോന്‍സന്‍ മാവുങ്കലിനെ വഴിവിട്ട് സഹായിച്ചെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് നടപടി. സംസ്ഥാനമൊട്ടാകെ പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിന്റെ ഭാഗമായാണ് ഇതെന്നാണ് ഔദ്യോഗിക വിശദീകരണം.
കേസുകളില്‍ സഹായിച്ചതിനൊപ്പം മോന്‍സനുമായുള്ള ആഴത്തിലുള്ള അടുപ്പത്തിനുള്ള തെളിവുകൾ പുറത്തു വന്നുവെങ്കിലും നടപടി എടുക്കാൻ അധികൃതർ തയാറായിരുന്നില്ല. മോൻസന്റെ വീട്ടിൽ സൽക്കാരങ്ങളും പാർട്ടികളും നടക്കുമ്പോൾ സജീവ സാന്നിധ്യമായിരുന്നു ശ്രീകുമാറെന്ന് ആരോപണം ഉയർന്നിരുന്നു.
മോൻസന്റെ കൈവശമുള്ള രേഖകളുടെ പരിശോധന തിങ്കളാഴ്ച തുടങ്ങും. എച്ച്എസ്ബിസി ബാങ്കിന്റെ പേരിൽ നിർമിച്ചത് വ്യാജരേഖകൾ ആണെന്ന് കഴിഞ്ഞദിവസം ബാങ്ക് അധികൃതർ സ്ഥിരീകരിച്ചിരുന്നു. മോൻസന്റെ കൈവശം ഉള്ള മറ്റു രേഖകളാണു പരിശോധിക്കുന്നത്. ശിൽപി സുരേഷിന്റെ പരാതിയിൽ കേസെടുത്ത തിരുവനന്തപുരം യൂണിറ്റ് മോന്‍സനെ കസ്റ്റഡിയിൽ വാങ്ങും.
മോൻസന്റെ ജാമ്യാപേക്ഷയും കോടതി തിങ്കളാഴ്ച പരിഗണിക്കും. പരാതിക്കാരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ, മോൻസൻ പണം നിക്ഷേപിക്കാൻ പറഞ്ഞ ബാങ്ക് അക്കൗണ്ടുകളുടെ ഉടമകളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.