സ്ത്രീവിരുദ്ധ പരാമർശത്തിന് എംഎസ്എഫ് നേതാക്കൾക്കെതിരെ നൽകിയ പരാതി പിൻവലിക്കാത്തതിനു പിരിച്ചുവിട്ട സംസ്ഥാന കമ്മിറ്റിക്കു പകരം ഹരിതയ്ക്കു പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു മുസ്‌ലിം ലീഗ്. പി.എച്ച്.ആയിഷ ബാനു പ്രസിഡന്റും റുമൈസ റഫീഖ് ജനറൽ സെക്രട്ടറിയുമായാണു പുതിയ കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്
പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ച രീതി ശരിയായില്ലെന്നു പുറത്താക്കപ്പെട്ട സംസ്ഥാന പ്രസിഡന്റും പരാതിക്കാരിയുമായ മുഫീദ തെസ്നി പറഞ്ഞു. സ്ത്രീത്വത്തെ അപമാനിച്ചെന്നു പരാതി നൽകിയവരെയും പിന്തുണച്ചവരെയും വെട്ടിനിരത്തി. കമ്മിറ്റി പിരിച്ചുവിട്ട രീതിയിലും പുതിയ കമ്മിറ്റി പ്രഖ്യാപിച്ച രീതിയിലും അതൃപ്തിയുണ്ടെന്ന് എംഎസ് എഫ് ദേശീയ വൈസ് പ്രസിഡന്റും ഹരിതയുടെ പ്രഥമ ജനറൽ സെക്രട്ടറിയുമായിരുന്ന ഫാത്തിമ തെഹ്‍ലിയ പറഞ്ഞു.
പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷററായിരുന്നു പുതിയ പ്രസിഡന്റ് ആയിഷ ബാനു. എംഎസ്എഫ് നേതാക്കൾക്കെതിരായ പരാതിയിൽ ഒപ്പുവയ്ക്കാതെ വിട്ടുനിന്ന ഏക അംഗവും ഇവരായിരുന്നു. പരാതിയിൽ പൊലീസ് അന്വേഷണം തുടരുകയാണ്.