അഫ്ഗാനിസ്ഥാന്റെ ഭരണത്തലപ്പത്തേയ്ക്ക് താലിബാൻ സഹസ്ഥാപകനായ മുല്ല അബ്ദുൽ ഗനി ബറാദർ എത്തുമെന്ന് സൂചന. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് താലിബാൻവൃത്തങ്ങൾ അറിയിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു. ബറാദർക്കൊപ്പം താലിബാൻ മുഖ്യസ്ഥാപകനായ മുല്ല മുഹമ്മദ് ഒമറിന്റെ മകൻ മുല്ല മുഹമ്മദ് യാക്കോബ്, ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സായി എന്നിവരും സർക്കാരിൽ സുപ്രധാന സ്ഥാനങ്ങളിലുണ്ടാകും
അഫ്ഗാന്റെ ഭാവി സംബന്ധിച്ച് ഖത്തർ തലസ്ഥാനമായ ദോഹയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി നടക്കുന്ന ചർച്ചകളിലെ പ്രധാനിയായിരുന്നു മുല്ല അബ്ദുൽ ഗനി ബറാദർ. പാക്കിസ്ഥാനിലെ കറാച്ചിയിൽ 2010ൽ സുരക്ഷാസേനയുടെ പിടിയിലായെങ്കിലും 2018ൽ മോചിപ്പിക്കപ്പെട്ടു. താലിബാൻ ഭരണമേൽക്കുമ്പോൾ അഫ്ഗാൻ പ്രസിഡന്റാകാൻ ആദ്യംമുതൽ തന്നെ കൂടുതൽ സാധ്യത കൽപ്പിച്ചിരുന്നത് ബറാദറിനാണ്.
താലിബാന്റെ സൈനിക നടപടികളുടെ മേൽനോട്ടം വഹിക്കുന്ന ആളാണ് മുല്ല ഒമറിന്റെ മകനായ മുല്ല മുഹമ്മദ് യാക്കോബ്. പ്രായം 35നു താഴെ. താലിബാൻ മുൻ സർക്കാരിൽ മന്ത്രിയായിരുന്ന ആളാണ് ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സായി. കഴിഞ്ഞ പത്തു വർഷമായി ദോഹയിലായിരുന്നു താമസം. 2015 മുതൽ ദോഹയിലെ താലിബാൻ ഓഫിസിന്റെ ചുമതലക്കാരൻ. അഫ്ഗാൻ സർക്കാരുമായുള്ള ചർച്ചകളിൽ താലിബാന്റെ പ്രതിനിധിയായി പങ്കെടുത്തിരുന്നതും സ്റ്റാനിക്സായി ആണ്.
ഇറാനിൽ പ്രസിഡന്റിനും മുകളിലാണു പരമോന്നത നേതാവിന്റെ പദവി. സൈന്യത്തിന്റെയും ജുഡീഷ്യറിയുടെയും സർക്കാരിന്റെയും തലവന്മാരെ നിയമിക്കുന്ന പരമോന്നത നേതാവാണു രാഷ്ട്രീയ, മത, സൈനിക വിഷയങ്ങളിൽ അവസാന അവസാന വാക്ക്. ഇതേ മാതൃകയിലായിരിക്കും മുല്ലാ ഹിബത്തുല്ല അഖുൻസാദ (60) പരമോന്നത നേതാവായി സ്ഥാനമേൽക്കുക. അഫ്ഗാൻ പ്രസിഡന്റും മന്ത്രിസഭയും അദ്ദേഹത്തിനു കീഴിലായിരിക്കും.