മരംമുറി ഉത്തരവിറങ്ങിയത് കേരളവും തമിഴ്നാടും ചേര്‍ന്ന് നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണെന്ന് തെളിയിക്കുന്ന നിര്‍ണായക രേഖകള്‍ പുറത്തുവിട്ടു. തമിഴിനാടിന് ടി.കെ.ജോസ് നല്‍കിയ മിനിട്സില്‍ മരംമുറിക്ക് അനുമതി നല്‍കുന്നത് പരിഗണനയിലാണെന്ന് ഉള്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ്നാടും കേരളവുമായി നടത്തിയ ചര്‍ച്ചയുടെ മിനിട്സ് ലഭിച്ചു.
ഇന്നലെ മരംമുറി സംബന്ധിച്ച് ഏകപക്ഷീയമായ തീരുമാനം എടുത്തുവെന്ന് ആരോപിച്ചാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്റ് ചെയ്തത്. എന്നാല്‍ ബെന്നിച്ചന്‍ തോമസ് സര്‍ക്കാരിന് മുഖം രക്ഷിക്കാനുള്ള ഒരു ബലിയാടായിരുന്നു. ഓഗസ്റ്റ് 17-ന് കേരളത്തിന്റെയും തമിഴ്‌നാടിന്റെയും 25 ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയതായാണ് രേഖകളിലുള്ളത്. അഡീ.ചീഫ് സെക്രട്ടറിയും വനം സെക്രട്ടറിയും മരംമുറി ഉത്തരവ് സംബന്ധിച്ച് എല്ലാം അറിഞ്ഞിരുന്നുവെന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്. ടി.കെ.ജോസ് തമിഴ്‌നാടിന്റെ അംഗീകാരത്തിന് അയച്ച മിനിട്‌സില്‍ മരംമുറിക്ക് അനുമതി നല്‍കുന്നത് പരിഗണനയിലെന്ന് വ്യക്തമാക്കുന്നു.
ബേബി ഡാമിലെ 15 മരങ്ങള്‍ മുറിക്കുന്നത് പരിഗണനയിലാണെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. വനം സെക്രട്ടറി തമിഴ്‌നാടുമായുള്ള ചര്‍ച്ചയില്‍ ഇക്കാര്യം ഉറപ്പ് നല്‍കിയിട്ടുമുണ്ട്. മുല്ലപ്പെരിയാറിലേക്കുള്ള റോഡിന് അനുമതി നല്‍കുന്നതും പരിഗണനയിലെന്ന് അറിയിച്ചിട്ടുണ്ട്. നവംബര്‍ 2ന് ടി.കെ.ജോസ് മിനിട്‌സ് തമിഴ്‌നാടിന്റെ അംഗീകാരത്തിനായി അയച്ചു. ഇതിന് പിന്നാലെയാണ് മരം മുറിക്ക് അനുമതി നല്‍കിയത്.