ആഡംബരക്കപ്പലില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) നടത്തിയ റെയ്ഡില്‍ ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ അറസ്റ്റിലായ സംഭവം പുതിയ രാഷ്ട്രീയ വഴിത്തിരിവിലേക്ക്. സംഭവസ്ഥലത്ത് ബിജെപി പ്രവര്‍ത്തകരുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി എന്‍സിബി റെയ്ഡ് വ്യാജമാണെന്ന ആരോപണവുമായി എന്‍സിപിയാണു രംഗത്തെത്തിയിരിക്കുന്നത്. എന്‍സിപി മന്ത്രി നവാബ് മാലിക്കാണ് കേന്ദ്ര ഏജന്‍സിക്കെതിരെ ആരോപണം ഉന്നയിച്ചത്. എന്നാല്‍ നവാബ് മാലിക്കിന്റെ മരുമകന്‍ സമീര്‍ ഖാനെ ജനുവരിയില്‍ ലഹരിമരുന്നു കേസില്‍ എന്‍സിബി അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നുവെന്നും ഇതാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്നും ബിജെപി എംഎല്‍എ അതുല്‍ ഭട്കാല്‍ക്കര്‍ തിരിച്ചടിച്ചു. നിയമപ്രകാരമാണ് നടപടികള്‍ സ്വീകരിക്കുന്നതെന്നും അറസ്റ്റിലായത് പ്രമുഖനാണോ അല്ലയോ എന്നു നോക്കാറില്ലെന്നും എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പറഞ്ഞു.
അറസ്റ്റിലായ ആര്യനെയും അര്‍ബാസ് മെര്‍ച്ചന്റിനെയും എന്‍സിബി ഓഫിസിലേക്ക് കൊണ്ടുപോയത് എന്‍സിബി ഉദ്യോഗസ്ഥരല്ലെന്നും അര്‍ബാസിനൊപ്പം ഉണ്ടായിരുന്നത് ബിജെപി പ്രവര്‍ത്തകനാണെന്നും വിഡിയോകളില്‍നിന്നു വ്യക്തമാണെന്ന് എന്‍സിപി ആരോപിച്ചു. ആര്യനൊപ്പം സെല്‍ഫിയിലും വിഡിയോയിലും കാണുന്നത് കെ.പി. ഗൊസാവിയെന്ന ആളാണെന്നും രണ്ടാമന്‍ ബിജെപി വൈസ് പ്രസിഡന്റ് മനീഷ് ഭാനുഷാ ആണെന്നും എന്‍സിപി അവകാശപ്പെട്ടു. വിവിധ പരിപാടികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ക്കൊപ്പവും മനീഷിനെ കണ്ടിട്ടുണ്ടെന്നും എന്‍സിപി ആരോപിച്ചു. എന്നാല്‍ ഒരു സാക്ഷി എന്ന നിലയിലാണ് താന്‍ എന്‍സിബി ഓഫിസിലെത്തിയതെന്നാണ് മനീഷ് ദേശീയ മാധ്യമത്തോടു പ്രതികരിച്ചത്. ഗൊസാവിയും മനീഷും സാക്ഷികളാണെന്നാണ് എന്‍സിബിയും അറിയിച്ചത്.
എന്‍സിബി റെയ്ഡ് വ്യാജമാണെന്നും മഹാരാഷ്ട്ര സര്‍ക്കാരിനെയും മുംബൈ സിനിമാ വ്യവസായത്തെയും അവഹേളിക്കാന്‍ എന്‍സിബിയെ ഉപയോഗിച്ച് ബിജെപി നടത്തിയ നീക്കമാണിതെന്നും എന്‍സിപി മന്ത്രി നവാബ് മാലിക്ക് ആരോപിച്ചു. ‘നടന്‍ സുശാന്ത് സിങ് രാജ്പുത് മരിച്ചപ്പോള്‍ അത് കൊലപാതകമാണെന്ന് ആദ്യം ആരോപണം ഉന്നയിച്ചു. തുടര്‍ന്ന് ലഹരിമരുന്നു കഴിച്ചു മരിച്ചതാണെന്ന് വാര്‍ത്ത വന്നു. പിന്നാലെ മുംബൈ എന്‍സിബി രംഗത്തെത്തി. കഥകള്‍ മെനഞ്ഞ് ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു. നിരവധി പ്രമുഖരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ബോളിവുഡിനും ലഹരിറാക്കറ്റിനും തമ്മില്‍ ഉറ്റബന്ധമുണ്ടെന്ന പ്രതീതിയുണ്ടാക്കി. എന്നാല്‍ ഒടുവില്‍ എന്താണു സംഭവിച്ചത്. സമാനമായ സംഭവമാണ് ആഡംബരക്കപ്പലിലെ എന്‍സിബി റെയ്ഡും.’ -നവാബ് മാലിക്ക് പറഞ്ഞു.
എന്‍സിബി റെയ്ഡില്‍ ബിജെപി പ്രവര്‍ത്തകര്‍ എങ്ങനെ പങ്കാളികളായി എന്ന് കേന്ദ്ര ഏജന്‍സി വെളിപ്പെടുത്തണമെന്നും എന്‍സിപി ആവശ്യപ്പെട്ടു. ഗൊസാവിക്കും എന്‍സിബിക്കും തമ്മിലുള്ള ബന്ധമെന്താണ്. ഗൊസാവിയും മനീഷും എന്‍സിബി ജീവനക്കാരല്ലെങ്കില്‍ എങ്ങനെയാണ് അവര്‍ ലഹരിമരുന്നു കേസിലെ പ്രതികളെ കൈകാര്യം ചെയ്തത്. എന്‍സിബിക്ക് റെയ്ഡുകള്‍ക്കു വേണ്ടി സ്വകാര്യവ്യക്തികളെ വാടകയ്ക്ക് എടുക്കാന്‍ അധികാരമുണ്ടോ – മാലിക്ക് ചോദിച്ചു.
മനീഷിനെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍സിപി ശേഖരിച്ചിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡല്‍ഹിയിലും ഗുജറാത്തിലുമായിരുന്ന മനീഷ് റെയ്ഡിനു ദിവസങ്ങള്‍ക്കു മുമ്പ് മാത്രമാണ് മുംബൈയില്‍ എത്തിയതെന്നാണു അറിയാന്‍ കഴിഞ്ഞതെന്നും നവാബ് മാലിക്ക് പറഞ്ഞു. സെപ്റ്റംബര്‍ 31ന് മനീഷ് ഡല്‍ഹിയിലായിരുന്നു. 22 ഗാന്ധിനഗറില്‍ എത്തിയ മനീഷ് 29 വരെ അവിടെ തുടര്‍ന്നു. 21,22 തീയതികള്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ആ സമയത്താണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് വമ്പന്‍ ലഹരിമരുന്ന് വേട്ട നടന്നത്. മനീഷ് ഡല്‍ഹിയില്‍ കണ്ട് ആരെയൊക്കെയാണ്. ഗുജറാത്തില്‍ ഏതൊക്കെ മന്ത്രിമാരുമായാണ് മനീഷ് കൂടിക്കാഴ്ച നടത്തിയത്. ഇദ്ദേഹത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ നിലവില്‍ ലോക്ക് ചെയ്തിരിക്കുകയാണെന്നും നവാബ് മാലിക് പറഞ്ഞു.
ഗുജറാത്തിലെ മന്ത്രാലയങ്ങളില്‍ 28 വരെ ചെലവഴിച്ച മനീഷ് മുംബൈയില്‍ മടങ്ങിയെത്തിയ ശേഷം ഒക്‌ടോബര്‍ ഒന്നിനു വീണ്ടും ഗുജറാത്തിലെത്തി. തുടര്‍ന്ന് ഒക്‌ടോബര്‍ മൂന്നിന് മുംബൈയില്‍ പ്രത്യക്ഷപ്പെട്ടുവെന്നും നവാബ് മാലിക്ക് പറഞ്ഞു. ആഡംബരക്കപ്പലില്‍നിന്നു പിടികൂടിയതെന്ന് എന്‍സിബി പറയുന്ന ലഹരിവസ്തുക്കളുടെ ചിത്രം മാധ്യമങ്ങള്‍ ചോര്‍ന്നുകിട്ടിയതും സംശയകരമാണ്. ആഡംബരക്കപ്പലില്‍നിന്നുള്ള ഫോട്ടോ അല്ല മറിച്ച് എന്‍സിബി സോണല്‍ ഡയറക്ടറുടെ ഓഫിസിലെ ഫോട്ടോയാണു പുറത്തുവന്നത്. പിടിച്ചെടുത്ത ലഹരിവസ്തുക്കള്‍ സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കണമെന്നാണ് നിയമം. സാംപിള്‍ പരിശോധനയ്ക്ക് അയയ്ക്കാനായി മജിസ്‌ട്രേറ്റിനു മുന്നില്‍ വേണം തുറക്കാനെന്നും മാലിക്ക് പറഞ്ഞു.
അതേസമയം ലഹരിമരുന്നിനെക്കുറിച്ചു വിവരം നല്‍കുക മാത്രമാണ് ചെയ്തതെന്ന് മനീഷ് ദേശീയ മാധ്യമത്തോടു പറഞ്ഞു. റെയ്ഡിനു ശേഷം സാക്ഷിയായി ഒപ്പു വയ്ക്കാനാണ് എത്തിയത്. എന്‍സിബി ഉദ്യോഗസ്ഥരും പ്രതികളും അവിടെ ഉണ്ടായിരുന്നു. അതൊരു ചെറിയ സ്ഥലമായതിനാല്‍ ഞങ്ങള്‍ പ്രതികളുടെ പിന്നാലെ പോയെന്നു വിഡിയോ കണ്ടാല്‍ തോന്നുന്നതാന്നെും മനീഷ് പറഞ്ഞു.