അഫ്ഗാനിസ്ഥാനിലെ പുതിയ താലിബാൻ സർക്കാർ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണു നേതാക്കളുടെ പ്രഖ്യാപനം. പുതിയ സർക്കാരിനെ മുല്ലാ മുഹമ്മദ് ഹസൻ അഖുന്ദ് നയിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ഇതിനിടെ, ഉന്നത വിദ്യാഭ്യാസത്തെപ്പറ്റി വിലകുറച്ചു സംസാരിക്കുന്ന വിദ്യാഭ്യാസ മന്ത്രി ഷെയ്ഖ് മൗലവി നൂറുല്ല മുനീറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
‘പിഎച്ച്ഡിയോ മാസ്റ്റേഴ്സ് ബിരുദമോ ഇന്നു മൂല്യമുള്ളതല്ല. നിങ്ങൾ നോക്കൂ, മുല്ലാമാരും താലിബാൻകാരും ഇവിടെ അധികാരത്തിലെത്തിയിരിക്കുന്നു. അവർക്കാർക്കും പിഎച്ച്ഡിയോ ബിരുദാനന്തര ബിരുദമോ എന്തിനു പലർക്കും ഹൈസ്കൂൾ പഠനം പോലുമില്ല. പക്ഷേ എല്ലാവരും മഹാന്മാരാണ്.’– ഷെയ്ഖ് മൗലവി നൂറുല്ല മുനീറിന്റേതായി പ്രചരിക്കുന്ന വിഡിയോയിൽ പറയുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രിതന്നെ ഉന്നത വിദ്യാഭ്യാസം ഗുണമില്ലെന്നു പറയുകയാണെന്ന തരത്തിൽ വിഡിയോയ്ക്കെതിരെ വിമർശനമുയർന്നു.
അതേസമയം, ഭാവിയിൽ അഫ്ഗാന്റെ ഭരണപരമായ കാര്യങ്ങളും ജീവിതക്രമവും എല്ലാം ശരിയത്ത് നിയമപ്രകാരം ആയിരിക്കുമെന്നു പുതിയ പ്രധാനമന്ത്രി മുല്ലാ മുഹമ്മദ് ഹസൻ അഖുന്ദ് പ്രസ്താവനയിൽ അറിയിച്ചു. ഓഗസ്റ്റ് 15ന് കാബൂൾ പിടിച്ചെടുത്ത ശേഷം താലിബാൻ തലവന്റെ ആദ്യ പൊതുപ്രസ്താവനയാണിത്. വിദേശ ശക്തികളിൽനിന്നു രാജ്യം സ്വതന്ത്രമായതിൽ എല്ലാ അഫ്ഗാൻകാരെയും അദ്ദേഹം അഭിനന്ദിച്ചു. പുതിയ മന്ത്രിസഭയിലെ പലരും ഭീകരപ്പട്ടികയിൽ ഉള്ളതിനാൽ കാര്യങ്ങൾ ലോകം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പ്രതികരിച്ചു.
This is the Minister of Higher Education of the Taliban — says No Phd degree, master's degree is valuable today. You see that the Mullahs & Taliban that are in the power, have no Phd, MA or even a high school degree, but are the greatest of all. pic.twitter.com/gr3UqOCX1b
— Said Sulaiman Ashna (@sashna111) September 7, 2021
അമീർഖാൻ മുത്തഖി വിദേശകാര്യമന്ത്രിയും താലിബാൻ ദോഹ ഓഫിസ് ഉപമേധാവി ഷേർ മുഹമ്മദ് അബ്ബാസ് സ്താനിക്സായ് വിദേശകാര്യ സഹമന്ത്രിയുമാകും. എല്ലാ നിയമനങ്ങളും താൽക്കാലികമാണെന്ന് താലിബാൻ വക്താവ് പറഞ്ഞു. താലിബാന്റെ അധികാര നിർണയ കൗൺസിൽ മേധാവിയായ മുല്ലാ മുഹമ്മദ് ഹസൻ അഖുന്ദ് ഇപ്പോൾ കാണ്ഡഹാറിലാണെന്നാണു സൂചന. മുൻപ് 1996 മുതൽ 2001 വരെയാണ് താലിബാൻ അഫ്ഗാൻ ഭരിച്ചത്.