കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച ഐ.പി.എല്‍. മത്സരങ്ങള്‍ സെപ്റ്റംബറില്‍ പുനരാരംഭിക്കാനൊരുങ്ങുകയാണ് ബി.സി.സി.ഐ. ഷെഡ്യൂളില്‍ വന്ന മാറ്റം കാരണം വിദേശ താരങ്ങളുടെ പങ്കാളിത്തം മത്സരങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ ഉണ്ടാകുമോയെന്ന ആശങ്കയിലായിരുന്നു ബി.സി.സി.ഐയും വിവിധ ഫ്രാഞ്ചൈസികളും.
എന്നാല്‍ ന്യൂസിലാന്‍ഡ് കളിക്കാര്‍ യു.എ.ഇയിലേക്ക് ടൂര്‍ണമെന്റിനായി എത്തുമെന്ന് ഉറപ്പായതായി ബോര്‍ഡ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഏഴ് ന്യൂസിലന്‍ഡ് താരങ്ങളാണ് ഐ.പി.എല്ലില്‍ വിവിധ ടീമുകളില്‍ കളിക്കുന്നത്. കൈല്‍ ജാമിസന്‍, കെയ്ന്‍ വില്യംസണ്‍, ട്രെന്റ് ബോള്‍ട്ട്, ലോക്കീ ഫെര്‍ഗൂസന്‍, ടിം സീഫേര്‍ട്ട്, ഫിന്‍ അലന്‍, ജിമ്മി നീഷാം എന്നീ ഏഴു താരങ്ങളും യു.എ.ഇയില്‍ കളിക്കാനെത്തുമെന്ന് ഉറപ്പുലഭിച്ചതായാണ് വിവരം.
ഇംഗ്ലണ്ട്, ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡുകളുമായി ബി.സി.സി.ഐ. ധാരണയിലെത്താന്‍ ശ്രമിക്കുകയാണെന്നും സൂചനയുണ്ട്. ഐ.പി.എല്‍. പതിനാലാം സീസണിലെ ബാക്കി മത്സരങ്ങള്‍ക്കായി കളിക്കാരെ അയക്കില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഇംഗ്ലണ്ടിന്റെ ഇന്റര്‍നാഷണല്‍ ഷെഡ്യൂളിലെ തിരക്കും ഡൊമസ്റ്റിക് ലീഗുമെല്ലാം പരിഗണിച്ചായിരുന്നു ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രതികരണം.