പാക്കിസ്ഥാൻ അതിർത്തിയിൽനിന്നു ശ്രീലങ്കയിലേയ്ക്ക് ലഹരിയും ആയുധങ്ങളും കടത്തിയ സംഭവത്തിൽ കേരളത്തിലും ആസൂത്രണം നടന്നിട്ടുണ്ടെന്ന് എൻഐഎ വെളിപ്പെടുത്തൽ. ഇതിനായി വലിയ തോതിലുള്ള ഹവാല ഇടപാട് നടന്നു. കൊച്ചി മറൈൻഡ്രൈവിനടുത്തുള്ള പെന്റാ മേനകയിൽ വച്ച് സാമ്പത്തിക ഇടപാടു നടത്തിയതായി എൻഐഎ കസ്റ്റഡിയിലുള്ള ശ്രീലങ്കൻ പൗരൻ സുരേഷ് രാജ് ആണ് വെളിപ്പെടുത്തിയത്.
കസ്റ്റഡിയിലുള്ള പ്രതിയെ പെന്റാമേനകയിലെത്തിച്ചു തെളിവെടുപ്പു നടത്താനാണ് തീരുമാനം. ശ്രീലങ്കയിലേയ്ക്കുള്ള ലഹരിമരുന്നു കടത്ത് നിയന്ത്രിക്കുന്നത് പാക്ക് പൗരനാണെന്നും എൻഐഎ കണ്ടെത്തി. ഇയാളുടെ വിശദാംശങ്ങൾ ശേഖരിച്ചു. അതേസമയം കടൽ കടന്ന് ശ്രീലങ്കയിലെ ഹമ്പൻതോട്ട തുറമുഖത്തേയ്ക്ക് എത്തുന്ന ലഹരിമരുന്നു മറ്റു രാജ്യങ്ങളിലേയ്ക്കു കടത്തുന്നതിനു ചുക്കാൻ പിടിക്കുന്നത് മുൻ എൽടിടിഇ നേതാക്കളാണ് എന്നാണ് വ്യക്തമായിട്ടുള്ളത്.
തമിഴ്നാടിന്റെ തീരങ്ങളും ലക്ഷദ്വീപിലെ ആളുകളില്ലാത്ത ദ്വീപുകളുമാണ് എൽടിടിഇ സംഘം കേന്ദ്രങ്ങളാക്കിയിട്ടുള്ളത്. പാക്കിസ്ഥാൻ – ശ്രീലങ്ക ലഹരികടത്തു ശൃംഖല ശക്തമാണ്. ശ്രീലങ്കൻ പൗരൻമാർ നെടുമ്പാശേരി, മുനമ്പം കേന്ദ്രമാക്കി പ്രവർത്തിക്കുന്നതു തിരിച്ചറിഞ്ഞതോടെയാണ് ലഹരി കടത്തലിന്റെ കൂടുതൽ മേഖലകളിലേയ്ക്ക് അന്വേഷണം എത്തിയത്. ഇവിടെനിന്നു നേരത്തേ തമിഴ്നാട് സ്വദേശി എന്ന പേരിൽ വ്യാജ രേഖകളുമായി താമസിച്ചിരുന്ന മൂന്നു പേരെ തമിഴ്നാട് ക്യൂബ്രാഞ്ച് എടിഎസ് സഹായത്തോടെ പിടികൂടിയിരുന്നു.
ഇവരിൽ മുഖ്യനായിരുന്ന സുരേഷ് രാജ്, ശ്രീലങ്കൻ പൊലീസിന്റെ റെഡ് കോർണർ നോട്ടീസുള്ള ആളാണ്. ഇയാളുടെ സഹോദരനാണ് പിടിയിലായ ശരവണൻ. ഒരു വർഷത്തോളമായി ഇവർ കേരളത്തിൽ താമസിച്ചിരുന്നതായും എൻഐഎ കണ്ടെത്തി. വിഴിഞ്ഞത്ത് 300 കിലോ ഹെറോയിനും എകെ 47 തോക്കുകളുമായി ശ്രീലങ്കൻ ബോട്ട് പിടികൂടിയതിനു പിന്നാലെയാണ് കേരളത്തിലെ എൽടിടിഇ സംഘത്തിലേയ്ക്ക് അന്വേഷണം എത്തിയത്.
കഴിഞ്ഞ ഏപ്രിൽ 5നായിരുന്നു ശ്രീലങ്കയിലേയ്ക്കു പോകുകയായിരുന്ന ബോട്ട് വിഴിഞ്ഞം പുറംകടലിൽ തീര സംരക്ഷണ സേന പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന ശ്രീലങ്കൻ സ്വദേശികളും പിടിയിലായി. വിഴിഞ്ഞം പൊലീസ് റജിസ്റ്റർ ചെയ്ത കേസ് എൻഐഎ ഏറ്റെടുത്തതോടെയാണ് കേരളത്തിലെ ഇടപാടുകളുടെ ചുരുളഴിഞ്ഞത്. കേരളത്തിലെ മത്സ്യബന്ധന തുറമുഖത്തിലൂടെയും നെടുമ്പാശേരി വിമാനത്താവളത്തിലൂടെയും ഇടപാടുകൾ നടന്നിട്ടുണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
ഇതിനായാണ് ഇവർ അങ്കമാലിയിൽ മാസങ്ങളോളം തങ്ങിയത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. എൽടിടിഇ തലവൻ വേലുപ്പിള്ള പ്രഭാകരന്റെ മരണത്തോടെ നിർജീവമായ സംഘടനയെ സജീവമാക്കുന്നതിനുള്ള ശ്രമവും ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട് എന്നാണ് വിവരം. സ്വത്തു ശേഖരണവും ആയുധ ശേഖരണവുമാണ് ഇവർ ആദ്യ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. പാക്കിസ്ഥാനു പുറമേ ഇറാനിൽനിന്നും ലഹരിയും ആയുധങ്ങളും ഇവർ ശ്രീലങ്കയിലേയ്ക്ക് എത്തിക്കുന്നുണ്ട് എന്നാണ് പ്രതികളുടെ മൊഴിയിലുള്ളത്.