നിപ ബാധിച്ചു മരിച്ച പന്ത്രണ്ടുവയസ്സുകാരന്റെ സമ്പർക്കപട്ടിക തയാറാക്കി. തെങ്ങുകയറ്റ തൊഴിലാളിയായ പിതാവും രക്ഷിതാക്കളും അയൽവാസികളുമടക്കം 17 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. കുട്ടിയുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ട 17 പേരാണ് ഇവർ. വീട് സ്ഥിതി ചെയ്യുന്നതടക്കമുള്ള നാലു വാർഡുകൾ പൂർണമായും അടച്ചു.
പ്രദേശത്തുള്ള ആർക്കെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാട്, പാഴൂർ, മുന്നൂര്, ചിറ്റാരിപ്പിലാക്കിൽ എന്നീ ഭാഗങ്ങളിലാണ് നിയന്ത്രണമേർപ്പെടുത്തിയത്. പഞ്ചായത്ത് മുഴുവൻ കർശന നിയന്ത്രണത്തിലാണ്.
കുട്ടിക്ക് രോഗബാധ എവിടെനിന്നാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. പനിയും ഛർദിയുമായി ഒന്നാംതീയതിയാണ് മെഡിക്കൽ കോളജിലെത്തിച്ചത്. രോഗം ഗുരുതരമായതിനെ തുടർന്നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നു രാവിലെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച മൂന്നു സാംപിളുകളും പോസിറ്റീവായതായി ആരോഗ്യമന്ത്രി വീണാ ജോർജ് സ്ഥിരീകരിച്ചിരുന്നു.
രാവിലെ ആരോഗ്യവകുപ്പ് അധികൃതരെത്തി സ്വകാര്യ ആശുപത്രിയിൽനിന്ന് മൃതദേഹം ഏറ്റുവാങ്ങും. തുടർന്ന് ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങൾ പ്രകാരം സംസ്കാരം നടത്തും. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് രാത്രി മെഡിക്കൽ കോളജിൽ, പ്രിൻസിപ്പലും സൂപ്രണ്ടുമാരുമടക്കമുള്ളവർ പങ്കെടുത്ത ഉന്നതതലയോഗം ചേർന്നിരുന്നു. നിപ രോഗികൾക്കായി പ്രത്യേക വാർഡ് തുറന്നിട്ടുണ്ട്.