കോവിഡ് രണ്ടാം തരംഗമുണ്ടാക്കിയ പ്രതിസന്ധി മറികടക്കാന്‍ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് നേരിട്ടു പ്രയാസപ്പെടുത്തിയ മേഖലകള്‍ക്ക് 1.10 ലക്ഷം കോടി രൂപയുടെ ക്രെഡിറ്റ് ഗ്യാരന്റി പദ്ധതി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. ആരോഗ്യ മേഖലയ്ക്ക് 50,000 കോടി, മറ്റു മേഖലകള്‍ക്ക് 60,000 കോടി. ആരോഗ്യ മേഖലയ്ക്കുള്ള പലിശനിരക്ക് 7.95 ശതമാനവും മറ്റു മേഖലകള്‍ക്ക് 8.25 ശതമാനവും ആയിരിക്കുമെന്നും നിര്‍മല സീതാരാമന്‍ അറിയിച്ചു. മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ വഴി മൂന്നു വര്‍ഷ കാലാവധിയില്‍ 25 ലക്ഷം വരെ വായ്പ ലഭ്യമാക്കും.
ആദ്യമെത്തുന്ന 5 ലക്ഷം ടൂറിസ്റ്റുകള്‍ക്ക് സൗജന്യ ടൂറിസ്റ്റ് വീസ നല്‍കും. പദ്ധതി 2022 മാര്‍ച്ച് 31 വരെയോ അഞ്ചു ലക്ഷം വീസ നല്‍കുന്നതു വരെയോ നിലവിലുണ്ടാകും. 11,000 റജിസ്‌ട്രേഡ് ടൂറിസ്റ്റ് ഗൈഡുകള്‍ക്കും ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സാമ്പത്തിക സഹായം നല്‍കും.
കുട്ടികളെ കേന്ദ്രീകരിച്ച് പൊതു ആരോഗ്യ മേഖലയില്‍ 23,220 കോടി കൂടി ചെലവിടും. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി 2021 സെപ്റ്റംബര്‍ വരെ നീട്ടി. ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ഗുണഭോക്താക്കള്‍ക്ക് 5 കിലോ അരി സൗജന്യമായി നല്‍കും– മന്ത്രി പറഞ്ഞു.