സൈബർ സെക്യൂരിറ്റി രംഗത്തെ വമ്പൻ കമ്പനികളായ നോർട്ടൻ ലൈഫ്‌ലോക്കും അവാസ്റ്റും ലയിക്കുന്നു. യുഎസ് കമ്പനിയായ നോർട്ടൻ ഏതാണ്ട് 63600 കോടി രൂപയ്ക്ക് (860 കോടി ഡോളർ) ചെക്ക് കമ്പനിയായ അവാസ്റ്റിനെ ഏറ്റെടുത്താണ് ലയനത്തിനു വഴിയൊരുക്കുന്നത്. 2 കമ്പനികൾക്കുമായി 50 കോടിയിലേറെ ഉപയോക്താക്കളാണുള്ളത്. സൈബർ മോഷണം തടയുന്നതിൽ നോർട്ടനുള്ള ശക്തിയും സ്വകാര്യത സംരക്ഷിക്കുന്നതിൽ അവാസ്റ്റിനുള്ള ശക്തിയും ഇനി ഉപയോക്താക്കൾക്ക് ഒന്നിച്ച് ഉപയോഗപ്പെടുമെന്ന് നോർട്ടൻ ചീഫ് എക്സിക്യൂട്ടിവ് വിൻസന്റ് പിലേറ്റ് പറഞ്ഞു.
പ്രേഗ് ആസ്ഥാനമായ അവാസ്റ്റ് ലണ്ടൻ, പ്രേഗ് സ്റ്റോക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയാണ്. ബേസിക് സൗകര്യങ്ങൾ ഉപയോക്താക്കൾക്ക് സൗജന്യമായും ഉയർന്ന സൗകര്യങ്ങൾ പണം വാങ്ങിയും നൽകുന്ന ‘ഫ്രീമിയം’ രീതിയാണ് അവാസ്റ്റ് പിന്തുടരുന്നത്. 43.5 കോടി ഉപയോക്താക്കളിൽ 1.65 കോടിയാണ് പണം നൽകി സേവനം ഉപയോഗിക്കുന്നത്.
അതേസമയം, നോർട്ടൻ പണം വാങ്ങി ആന്റി–വൈറസ് സേവനം നൽകുന്ന പ്രീമി യം രീതിയാണു പിന്തുടരുന്നത്. ലയനം ഒരു വർഷത്തിനകം പൂർത്തിയാകുമ്പോൾ ആകെ ജീവനക്കാരുടെ എണ്ണം 5000 ആയിരിക്കും. ഇത് 2 വർഷം കൊണ്ട് 4000 ആയി കുറയ്ക്കും. ഓഹരിയായും പണമായുമാണ് ഏറ്റെടുക്കൽ പൂർത്തിയാക്കുക. ഇപ്പോഴത്തെ അവാസ്റ്റ് ഓഹരിയുടമകൾക്ക്, ലയനശേഷമുള്ള കമ്പനിയിൽ 14–26% ഓഹരിപങ്കാളിത്തമുണ്ടാകും. ഇരു കമ്പനികളുടെയും ഇപ്പോഴത്തെ ആസ്ഥാനങ്ങൾ പുതിയ കമ്പനിയുടെ ആസ്ഥാനങ്ങളായിത്തുടരും.