വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഇ.പി ജയരാജനെതിരേ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ രേഖാമൂലമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പോലീസില്‍ നല്‍കിയ പരാതിയിലോ കോടതിയിലോ യൂത്ത് കോണ്‍ഗ്രസുകാര്‍ ഇത്തരമൊരു കാര്യം പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇ.പി ജയരാജന്‍ അവരെ തടയുകയായിരുന്നുവെന്നും അദ്ദേഹം രേഖാമൂലം സഭയെ അറിയിച്ചു.
യുവജന സംഘടനാ പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ ഇ.പിക്കെതിരെ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. തങ്ങള്‍ ചെയ്ത പ്രവൃത്തിയുടെ ഗൗരവം കുറയ്ക്കുന്നതിന് വേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അത്തരമൊരു ആരോപണം ഉന്നയിച്ചത്. ഇ.പി ജയരാജനെതിരെ കേസെടുക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടിയിട്ടുണ്ടോയെന്ന ചോദ്യവും പ്രതിപക്ഷം ഉന്നയിച്ചു. നിയമോപദേശം തേടിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി നല്‍കിയ മറുപടി. കേസെടുക്കേണ്ട കാര്യമില്ലെന്ന നിലപാടാണ് സര്‍ക്കാരിനുമുള്ളത്.
സാധാരണ പൗരന് ലഭിക്കേണ്ട നീതി നിഷേധിക്കുകയാണ് മുഖ്യമന്ത്രിയെന്ന് കേസിലെ പ്രതിയായ ഫര്‍സീന്‍ മജീദ് പറഞ്ഞു. പോലീസില്‍ ഇക്കാര്യം പറഞ്ഞ് പരാതി നല്‍കിയിരുന്നു. വലിയതുറ സ്റ്റേഷനില്‍ ഇ.പി ജയരാജനെതിരെ പരാതി നല്‍കിയതാണ്. ഇത് നിഷേധിക്കുന്നതിലൂടെ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഫര്‍സീന്‍ മജീദ് പറഞ്ഞു. ഇ.പി ജയരാജന്‍ തടയുകയായിരുന്നില്ല തങ്ങള്‍ക്ക് നേരെ വരികയായിരുന്നുവെന്നും ഫര്‍സീന്‍ പറഞ്ഞു.