ലഖിംപുര്‍ ഖേരി സംഘര്‍ഷത്തില്‍ ഉത്തര്‍പ്രദേശ് പോലീസ് നടത്തിയ അന്വേഷണത്തില്‍ തങ്ങള്‍ തൃപ്തരല്ലെന്ന് സുപ്രീംകോടതി. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകനും കേസിലെ പ്രതിയുമായ ആശിഷ് ശര്‍മ്മയെ അറസ്റ്റ് ചെയ്യാത്തതില്‍ സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കേസില്‍ ഉള്‍പ്പെട്ടവര്‍ ഉന്നത വ്യക്തികള്‍ ആയതിനാല്‍ സിബിഐ അന്വേഷണവും പരിഹാരമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസിലെ എല്ലാ തെളിവുകളും സംരക്ഷിക്കാന്‍ യുപി ഡിജിപിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇത് വരെ സ്വീകരിച്ച നടപടികള്‍ ഉള്‍കൊള്ളുന്ന അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിക്ക് കൈമാറി. എന്നാല്‍ കൊലപാതക കേസ് നേരിടുന്ന പ്രതി ആശിഷ് ശര്‍മ്മയെ എന്ത് കൊണ്ട് പോലീസ് അറസ്റ്റ് ചെയ്തില്ലെന്ന് സുപ്രീം കോടതി ആരാഞ്ഞു. രാജ്യത്ത് കൊലപാതക കേസ് നേരിടുന്ന മറ്റ് പ്രതികളോടും ഇതേ നിലപാട് തന്നെയാകുമോ പോലീസ് സ്വീകരിക്കുകയെന്നും ചീഫ് ജസ്റ്റിസ് ആരാഞ്ഞു.
ആശിഷ് ശര്‍മ്മക്ക് ചോദ്യംചെയ്യലിന് നോട്ടീസ് നല്‍കിയെന്നും ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു എന്നും ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കോടതിയെ അറിയിച്ചു. ചോദ്യംചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം ശര്‍മ്മ തേടി. നാളെ രാവിലെ പതിനൊന്ന് മണിക്ക് മുമ്പ് ഹാജരായില്ലെങ്കില്‍ ശര്‍മ്മയ്ക്കെതിരെ കടുത്ത നടപടി എടുക്കുമെന്നും സാല്‍വെ കോടതിയെ അറിയിച്ചു. ആശിഷ് ശര്‍മ്മയ്ക്ക് എതിരെ ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നതെന്നും അതിനാല്‍ മറ്റ് കൊലക്കേസ് പ്രതികളോട് കാണിക്കുന്ന സമീപനമാണ് പോലീസ് സ്വീകരിക്കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.
കൊല്ലപ്പെട്ട കര്‍ഷകരുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വെടിയുണ്ടയെറ്റ പരിക്കില്ലെന്ന് കണ്ടെത്തിയതായി ഹരീഷ് സാല്‍വെ വ്യക്തമാക്കി. ഒരു പക്ഷേ ശര്‍മ്മയുടെ കൈയ്യില്‍ തോക്ക് ഉണ്ടായിരുന്നിരിക്കാമെന്നും സാല്‍വെ വാദിച്ചു. കേസ് നിലവില്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തില്‍ ജൂനിയര്‍ ഉദ്യോഗസ്ഥരാണുള്ളതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപെട്ടിട്ടുണ്ടോ എന്ന് സാല്‍വേയോട് കോടതി ആരാഞ്ഞു. ഉന്നതര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ സിബിഐ അന്വേഷണം പരിഹാരമാകില്ലെന്ന് വ്യക്തമാക്കിയ കോടതി മറ്റൊരു സംവിധാനത്തെ കൊണ്ട് അന്വേഷിപ്പിക്കേണ്ടിവരുമെന്ന് വ്യക്തമാക്കി.
ദസറ അവധിക്ക് ശേഷം കേസ് പരിഗണിക്കാനായി മാറ്റണമെന്ന് സാല്‍വെയുടെ ആവശ്യം കോടതി അംഗീകരിച്ചു. അതുവരെയുള്ള അന്വേഷണത്തില്‍ തൃപ്തിയില്ലെങ്കില്‍ മറ്റൊരു ഏജന്‍സിക്ക് അന്വേഷണം കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഒക്ടോബര്‍ 20 ലേക്ക് സുപ്രീം കോടതി മാറ്റി.