കോൺഗ്രസ് രഹിത പ്രതിപക്ഷ മുന്നണിയെക്കുറിച്ചു സങ്കൽപിക്കാനാകില്ലെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടേണ്ട പ്രതിപക്ഷ സഖ്യത്തിന്റെ അടിത്തറ കോൺഗ്രസ് ആകണമെന്നും തേജസ്വി പറഞ്ഞു. കോൺഗ്രസിനെ ഒഴിവാക്കി പ്രാദേശിക കക്ഷികളുടെ മുന്നണിയുണ്ടാക്കാനുള്ള നീക്കങ്ങളെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു തേജസ്വി യാദവ്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ 543 മണ്ഡലങ്ങളിൽ ഇരുനൂറിലേറെയും ബിജെപിയും കോൺഗ്രസുമായി നേരിട്ടുള്ള മൽസരമാണെന്ന യാഥാർഥ്യം മറന്നു മുന്നണി രൂപീകരണം സാധ്യമല്ല. പ്രാദേശിക പാർട്ടികൾക്കു ശക്തിയുള്ള സംസ്ഥാനങ്ങളിൽ നേതൃത്വം അവർക്കാകണം. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ട സമയമായെന്നും തേജസ്വി പറഞ്ഞു.