സുരക്ഷാ കാരണങ്ങളാല്‍ പാകിസ്താന്‍ പര്യടനം റദ്ദാക്കി ന്യൂസിലന്‍ഡ്. റാവല്‍പിണ്ടിയിലെ ആദ്യ ഏകദിന മത്സരത്തിന് ടോസിടുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പാണ് ഏറെ നാടകീയമായി പര്യടനം പൂര്‍ണമായും ഉപേക്ഷിച്ചതായി ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്. ന്യൂസിലന്‍ഡ് സര്‍ക്കാര്‍ നല്‍കിയ സുരക്ഷാ മുന്നറിയിപ്പ് അനുസരിച്ചാണ് പിന്‍മാറ്റമെന്ന് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.
സുരക്ഷാ കാരണങ്ങളാല്‍ 18 വര്‍ഷത്തോളം പാക് മണ്ണില്‍ പര്യടനം നടത്തുന്നതില്‍ നിന്ന് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് വിട്ടുനിന്നിരുന്നു. ഇതിനുശേഷം നിശ്ചയിച്ച ആദ്യ പര്യടനമാണ് ഉപേക്ഷിച്ചത്. ന്യൂസിലന്‍ഡ് താരങ്ങള്‍ എത്രയും വേഗം പാകിസ്താന്‍ വിടുമെന്നും ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.
മൂന്ന് ഏകദിനവും അഞ്ച് ടിട്വന്റി മത്സരങ്ങളുമാണ് പര്യടനത്തില്‍ നിശ്ചയിച്ചിരുന്നത്. റാവല്‍പിണ്ടിയിലും ലാഹോറിലുമായി ഒക്ടോബര്‍ മൂന്ന് വരെയാണ് പരമ്പര നിശ്ചയിച്ചിരുന്നത്. സെപ്റ്റംബര്‍ 11നാണ് ന്യൂസിലന്‍ഡ് ടീമംഗങ്ങള്‍ പാകിസ്താനിലെത്തിയത്.
‘പര്യടനം ഉപേക്ഷിക്കുന്നത് പാക് ക്രിക്കറ്റ് ബോര്‍ഡിന് കനത്ത തിരിച്ചടിയാണെന്ന് മനസിലാക്കുന്നു. മികച്ച രീതിയിലാണ് പാകിസ്താന്‍ ഞങ്ങളെ ഇവിടെ സ്വീകരിച്ചത്. പക്ഷേ താരങ്ങളുടെ സുരക്ഷ അവഗണിക്കാനാകാത്തതിനാല്‍ പരമ്പരയില്‍ നിന്ന് പിന്‍മാറുക മാത്രമാണ് ഏകവഴി’, ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് വൈറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.
സുരക്ഷാ മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കിവീസ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു. എന്നാല്‍ പര്യടനം മാറ്റിവെക്കാനുള്ള തീരുമാനം അവര്‍ ഏകപക്ഷീയമായി എടുത്തതാണ്. എല്ലാ സന്ദര്‍ശക രാജ്യങ്ങള്‍ക്കും പാക് ക്രിക്കറ്റ് ബോര്‍ഡും പാക് സര്‍ക്കാരും മികച്ച സുരക്ഷയാണ് ഒരുക്കുന്നത്. പൂര്‍ണ സുരക്ഷ ഒരുക്കുമെന്ന് ന്യൂസിലന്‍ഡിനും ഉറപ്പുനല്‍കിയിരുന്നു. മികച്ച രഹസ്യാന്വേഷണ സംവിധാനം രാജ്യത്തുണ്ടെന്ന് പാക് പ്രധാനമന്ത്രി ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയെ നേരിട്ട് വിളിച്ച് അറിയിച്ചിരുന്നുവെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.
2002ല്‍ ന്യൂസിലന്‍ഡ് ടീം പാകിസ്താനില്‍ പര്യടനം നടത്തുന്ന സമയത്ത് ടീമംഗങ്ങള്‍ താമസിച്ചിരുന്ന കറാച്ചിയിലെ ഹോട്ടലിന് പുറത്ത് ബോംബ് സ്‌ഫോടനം നടന്നിരുന്നു. തുടര്‍ന്ന് നിശ്ചയിച്ച പര്യടനം വെട്ടിച്ചിരുക്കി ന്യൂസിലന്‍ഡ് ടീം നാട്ടിലേക്ക് മടങ്ങിയിരുന്നു. തൊട്ടടുത്ത വര്‍ഷം അഞ്ച് ഏകദിനങ്ങള്‍ക്കായി പാക് മണ്ണിലേക്കെത്തിയെങ്കിലും പിന്നീട് സുരക്ഷാ കാരണങ്ങളാല്‍ ന്യൂസിലന്‍ഡ് ടീം പാകിസ്താനിലേക്ക് വന്നിരുന്നില്ല.