കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസില്‍ സിപിഎമ്മിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസും ബിജെപിയും. സ്വര്‍ണക്കടത്തുകാരെയും സ്ത്രീ പീഡകരെയും സംരക്ഷിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. സൈബറിടങ്ങളില്‍ സിപിഎം ഗുണ്ടായിസത്തിന് നേതൃത്വം നല്‍കുന്നവരാണ് പല പ്രതികളുമെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണക്കടത്തുകാരില്‍നിന്ന് ലെവി പിരിക്കുന്ന അവസ്ഥയിലേക്ക് സിപിഎം മാറിയെന്ന് ഷാഫി പറമ്പില്‍ എംഎൽഎ പറഞ്ഞു. ക്വട്ടേഷന്‍ സംഘങ്ങളെ പോഷക സംഘടനകളെപോലെ സിപിഎം സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സ്വര്‍ണക്കടത്തിന്‍റെ പങ്കുപറ്റുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. കടത്തുന്ന സ്വര്‍ണത്തിന്‍റെ പങ്ക് സിപിഎമ്മിന് കിട്ടുന്നെന്ന വെളിപ്പെടുത്തലില്‍ ബിജെപി അന്വേഷണം ആവശ്യപ്പെട്ടു.
സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന വിവരങ്ങളാണ് കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. സ്വര്‍ണക്കടത്ത്–ക്വട്ടേഷന്‍ ബന്ധമുള്ളവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയെന്ന് സിപിഎം ആവര്‍ത്തിക്കുമ്പോഴും അവരുടെ ബന്ധങ്ങളും സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളും പ്രതിപക്ഷം ആയുധമാക്കുന്നു. തുടര്‍ഭരണം നേടിയതിന് പിന്നാലെ ശക്തികേന്ദ്രമായ കണ്ണൂര്‍ കേന്ദ്രീകരിച്ച് തുടര്‍ച്ചയായുണ്ടാകുന്ന വിവാദങ്ങള്‍ പ്രതിപക്ഷം ആയുധമാക്കുന്നത് സിപിഎമ്മിനെ വെട്ടിലാക്കി.