പോലീസിന്റെ മിന്നൽ പരിശോധനയിൽ രണ്ടുദിവസത്തിനിടെ തമിഴ്‌നാട്ടിൽ അറസ്റ്റിലായത് 2512 ഗുണ്ടകൾ. കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനും ഗുണ്ടാസംഘങ്ങൾക്ക് തടയിടുന്നതിനുമായി ഡി.ജി.പി. സി. ശൈലേന്ദ്ര ബാബുവിന്റെ നിർദേശപ്രകാരമാണ് ’സ്‌റ്റോമിങ് ഓപ്പറേഷൻ’ എന്ന പേരിൽ പരിശോധന നടത്തിയത്.
പോലീസ് മേധാവിമാരുടെ നേതൃത്വത്തിൽ അതത് ജില്ലകളിൽ പ്രത്യേക സംഘങ്ങളാണ് ഗുണ്ടാനേതാക്കളെ പിടിക്കൂടിയത്. ഗുണ്ടാസംഘാംഗങ്ങളെയും കേസിൽ ഉൾപ്പെട്ടവരെയും വാഹനപരിശോധനകളിലൂടെയും വീടുകളിലെത്തിയും തിരഞ്ഞു പിടിക്കുകയായിരുന്നു. രണ്ടുദിവസം നീണ്ട ഓപ്പറേഷനിൽ ക്രിമിനൽ പശ്ചാത്തലമുള്ള 16,370 പേരുടെ സ്ഥലങ്ങളിൽ പരിശോധന നടത്തി. വടിവാളും കഠാരയുമുൾപ്പെടെ 929 മാരകായുധങ്ങൾ പോലീസ് പിടിച്ചെടുത്തു. അഞ്ച് നാടൻ തോക്കും പിടിച്ചു. അറസ്റ്റിലായ ഗുണ്ടകളിൽ 244 പിടികിട്ടാപ്പുള്ളികളുണ്ടെന്ന് പോലീസ് പറഞ്ഞു.
വിവിധ കേസുകളിൽ പ്രതിയായിരുന്ന 733 പേരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. അറസ്റ്റിലായ ബാക്കിയുള്ളവരെ മുന്നറിയിപ്പ് നൽകി ജാമ്യത്തിൽ വിട്ടു. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരേ ശക്തമായ നടപടികൾ തുടരുമെന്നും പോലീസ് അറിയിച്ചു.
അതേസമയം, ചെന്നൈ പോലീസ് പരിധിയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 12 കുറ്റവാളികൾക്കെതിരേ ഗുണ്ടാനിയമം ചുമത്തി. ഈവർഷം 283 പേർക്കെതിരേയാണ് ഗുണ്ടാനിയമം ചുമത്തി അറസ്റ്റ് ചെയ്തത്.