ഓഫിസ് തുറന്നതിനു കോതമംഗലത്ത് പണിമുടക്ക് അനുകൂലികൾ പഞ്ചായത്ത് സെക്രട്ടറിയെ മർദിച്ച് അവശനാക്കി. പിണ്ടിമന പഞ്ചായത്ത് സെക്രട്ടറി കെ.മനോജിനാണു മർദനത്തിൽ മൂക്കിനു പരുക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചായത്തു സെക്രട്ടറിക്കു സംരക്ഷണം ഒരുക്കാനെത്തിയ ബിജെപി പ്രവർത്തകർക്കു നേരെയും ആക്രമണമുണ്ടായി. റെജി പുലരി, കെ.കെ.റെജി, രാജൻ മുതിരമാലി എന്നീ ബിജെപി പ്രവർത്തകർക്കാണ് പരുക്കേറ്റത്.
ഒരു പൊലീസുകാരനും ആക്രമണത്തിൽ പരുക്കേറ്റു. സംഭവത്തിൽ രണ്ടു സിപിഎം നേതാക്കൾ കസ്റ്റഡിയിലാണ്. ഉച്ചയോടെയാണ് പഞ്ചായത്ത് സെക്രട്ടറി ഓഫിസിലെത്തിയത്. പണിമുടക്കു ദിവസം ഓഫിസ് തുറക്കാൻ അനുവദിക്കില്ലെന്ന നിലപാടെടുത്ത് 40 പേർ വരുന്ന സംഘം സെക്രട്ടറിയുടെ ഓഫിസിലേക്ക് അതിക്രമിച്ചു കയറി. ഇതിനിടെ സ്ഥലത്തെത്തിയ ബിജെപി പ്രവർത്തകർ ഓഫിസ് തുറക്കണമെന്ന നിലപാടെടുത്തു. ഇതോടെയാണ് സംഘർഷം രൂപപ്പെട്ടതും ആക്രമണമുണ്ടായതും.
സെക്രട്ടറിയെ സംരക്ഷിക്കാനാണ് ബിജെപി പ്രവർത്തകർ ഓഫിസിലെത്തിയത് എന്നാണ് സമരാനുകൂലികൾ പറയുന്നത്. എന്നാൽ കരം അടയ്ക്കാൻ എത്തിയതാണ് എന്നാണ് പരുക്കേറ്റ ബിജെപി പ്രവർത്തകരുടെ വാദം. ‘നാൽപതോളം പേർ മുദ്രാവാക്യം വിളിച്ച് ഓഫിസിലേക്കു കയറി വരികയായിരുന്നു. പിന്നീട് അവർ തലയിലും മുഖത്തും മർദിച്ചു. മൂക്കിനു പരുക്കേറ്റു. നിലത്തിട്ടു ചവിട്ടുകയും ചെയ്തു. പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്’– മനോജ് പറഞ്ഞു. കസേരയിൽ ഇരുന്നു ജോലി ചെയ്യവെയായിരുന്നു മർദനം.