പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുൻപ് റിപ്പോർട്ട് പുറത്തുവന്നത് യാദൃശ്ചികമല്ലെന്നും മന്ത്രി അശ്വിനി വൈഷ്ണവ്
പെഗാസസുമായി ബന്ധപ്പെട്ട ഫോൺ ചോർത്തൽ വിവാദത്തിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. മാധ്യമ വാർത്തകൾ വസ്തുതക്ക് നിരക്കുന്നതല്ലെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്ണവ് പ്രതികരിച്ചു. സർക്കാർ ആരുടെയും ഫോൺ ചോർത്തിയിട്ടില്ല. ജനാധിപത്യ സർക്കാരിനെ താറടിക്കാനുള്ള ശ്രമം നടക്കുന്നു. പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുൻപ് റിപ്പോർട്ട് പുറത്തുവന്നത് യാദൃശ്ചികമല്ലെന്നും മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
വിഷയത്തിൽ രാജ്യസഭ ഇന്ന് ഉച്ചയ്ക്ക് ശേഷവും അലങ്കോലമായി. പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ സർക്കാർ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് സഭയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. രാവിലെ ഉയർന്ന പ്രതിഷേധത്തെ തുടർന്ന് സഭ ഇന്നുച്ചയ്ക്ക് രണ്ട് മണി വരെ നിർത്തിവെച്ചിരുന്നു. പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനെ തുടർന്നായിരുന്നു ഇത്. പുതിയ മന്ത്രിമാരുടെ പേര് കേൾക്കാൻ പോലും പ്രതിപക്ഷത്തിന് താത്പര്യമില്ലെന്നായിരുന്നു ഇതിനോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം.