ഇന്ത്യയിൽ ജീവിക്കാൻ ഭയമുള്ളവർക്ക് അഫ്ഗാനിസ്ഥാനിലേക്കു പോകാമെന്ന ബിജെപി എംഎൽഎ ഹരിഭൂഷൺ ഠാക്കൂറിന്റെ പരാമർശം വിവാദത്തില്‍. അഫ്ഗാനിസ്ഥാനിൽ പെട്രോളിനും ഡീസലിനും വില വളരെ കുറവാണെന്നും ഹരിഭൂഷൺ ഠാക്കൂർ പരിഹസിച്ചു.
അഫ്ഗാനിസ്ഥാൻ ഭരണം താലിബാൻ പിടിച്ചെടുത്തതിനെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തോട് ഉപമിച്ച സമാജ്‌വാദി പാർട്ടി എംപി ഷഫീകുർ റഹ്മാന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു ഠാക്കൂർ. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ മനസിലാക്കാതെ പലരും വോട്ടു മാത്രം ലക്ഷ്യമിടുകയാണെന്നു ഠാക്കൂർ കുറ്റപ്പെടുത്തി. കാട്ടിലെ നിയമം പോലും ഇല്ലാതായ അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ അത്യന്തം ദുഃഖകരമാണ്.
അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങൾ ഇന്ത്യയെ ബാധിക്കില്ല. എന്നാൽ അഫ്ഗാനിസ്ഥാനിലെ സംഭവ വികാസങ്ങളിൽ നിന്ന് ഇന്ത്യക്കാർ പാഠം ഉൾക്കൊള്ളണമെന്നു ഠാക്കൂർ പറഞ്ഞു. മതത്തിന്റെ പേരിൽ വിഭജിക്കപ്പെട്ട രാജ്യമാണ് ഇന്ത്യ. ഇക്കൂട്ടർ വീണ്ടും രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കും. ജാഗ്രത പാലിച്ചില്ലെങ്കിൽ ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാന്റെ ഗതിയാകുമെന്നും ഠാക്കൂർ മുന്നറിയിപ്പു നൽകി.