ഒളിമ്പിക്സ് ജേതാവ് പി.ആർ ശ്രീജേഷിനുള്ള ആദരങ്ങളും സ്വീകരണങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് നിന്ന് ലഭിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ വ്യത്യസ്തമായി ഒരു ആദരവുമായി രംഗത്തെത്തിയിരിക്കുയാണ് തിരുവനന്തപുരത്തെ പെട്രോൾ പമ്പുടമ സുരേഷ്. പി.ആർ ശ്രീജേഷിന് ആദര സൂചകമായി ശ്രീജേഷ് എന്ന് പേരുള്ള ആർക്കും പെട്രോൾ സൗജന്യം നൽകുമെന്നാണ് കാഞ്ഞിരംപാറയിലെ ഹരേ കൃഷ്ണ എന്ന പെട്രോൾ പമ്പുടമ അറിയിച്ചിരിക്കുന്നത്.
പമ്പിലെത്തുന്നവർ പേര് ശ്രീജേഷാണ് എന്ന് തെളിയിക്കുന്ന ഐഡി കാണിച്ചാൽ ആർക്കും 101 രൂപയുടെ പെട്രോൾ സൗജന്യമായി നൽകുമെന്ന് പമ്പുടമ പറയുന്നു.
41 വർഷത്തിന് ശേഷം ഇന്ത്യയ്ക്ക് ഹോക്കിയിൽ ലഭിക്കുന്ന വെങ്കലമാണ് ഇത്. ഈ അവസരത്തിൽ അദ്ദേഹത്തിന് ആദരിക്കാൻ വേണ്ടിയിട്ട് ശ്രീജേഷ് എന്ന് പേരുള്ള ആര് വന്നാലും പെട്രോൾ അല്ലെങ്കിൽ ഡീസൽ നൽകുന്നത്. ഓഗസ്റ്റ് 31 വരെ ഈ ഓഫർ തുടരും. നിരവധി പേർ ഇതിനകം തന്നെ എത്തി പെട്രോൾ അടിച്ചു കഴിഞ്ഞുവെന്ന് പമ്പുടമ സുരേഷ് പറയുന്നു.
ഒരാഴ്ചയിൽ ഒരു പ്രാവശ്യമാണെന്നും അടുത്ത ആഴ്ച അയാൾക്ക് വീണ്ടും വരാമെന്നും പമ്പുടമ പറയുന്നു.
ഒളിമ്പിക്‌സിൽ നീരജ് ചോപ്രയുടെ സ്വര്‍ണനേട്ടം ആഘോഷിക്കാന്‍ ഗുജറാത്തിലെ നേത്രാങ്ക് നഗരത്തിലെ എസ്.പി പെട്രോളിയം പമ്പും ഇത്തരത്തിൽ ഒരു ഓഫർ പ്രഖ്യാപിച്ചിരുന്നു. പേര് നീരജാണെന്ന് തെളിയിക്കുന്ന തിരിച്ചറിയൽ കാർഡ് കാണിക്കുന്നവര്‍ക്കെല്ലാം 501 രൂപയ്ക്ക് വരെ സൗജന്യമായി പെട്രോള്‍ നല്‍കുമെന്നായിരുന്നു എസ്.പി പെട്രോളിയം വ്യക്തമാക്കിയത്.