പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‍ലാലിനെയും കൊലപ്പെടുത്തിയ കേസിൽ ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമനെ പ്രതിചേർത്തു. സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് കുഞ്ഞിരാമൻ. കുഞ്ഞിരാമന്റെ അറസ്റ്റിൽ തീരുമാനം പിന്നീട്. പ്രതികൾക്ക് കുഞ്ഞിരാമൻ സഹായം നല്‍കിയതായി സിബിഐ വ്യക്തമാക്കി. കുഞ്ഞിരാമനെ സിബിഐ നേരത്തേ ചോദ്യം ചെയ്തിരുന്നു.
കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷ് (രാജു– 38), സിപിഎം പ്രവർത്തകരായ സുരേന്ദ്രൻ (വിഷ്ണു സുര– 47), ശാസ്താ മധു (40), ഹരിപ്രസാദ് (32), റെജി വർഗീസ് (44) എന്നിവരെ റിമാൻഡ് ചെയ്തു. 5 പേരും ഗൂഢാലോചനയിൽ നേരിട്ടു ബന്ധമുള്ളവരാണെന്നാണ് സിബിഐയുടെ കണ്ടെത്തൽ.
കേസിൽ ആകെ പത്തുപ്രതികളെന്ന് സിബിഐ അറിയിച്ചു. പനയാൽ ബാങ്ക് പ്രസിഡന്റ് ഭാസ്കരൻ, വെളുത്തോളി രാഘവൻ, ഗോപൻ, സന്ദീപ് എന്നിവരാണ് മറ്റു പ്രതികൾ. അറസ്റ്റിലായവരിൽ സുരേന്ദ്രൻ കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തുവെന്നും സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജേഷിനുൾപ്പെടെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നും സിബിഐ വ്യക്തമാക്കി.
2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് കാസര്‍കോട് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്‌ലാല്‍ (24) എന്നിവരെ വിവിധ വാഹനങ്ങളിലായെത്തിയ സംഘം ബൈക്കു തടഞ്ഞു നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന എ.പീതാംബരനാണ് ഒന്നാംപ്രതി. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത 14 പേരിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ, സിപിഎം പെരിയ ലോക്കൽ സെക്രട്ടറി ബാലകൃഷ്ണൻ, മണി എന്നിവർ ജാമ്യത്തിലിറങ്ങി.