പിഎസ്‌സി മെംബർ സ്ഥാനം ലഭിക്കാൻ 40 ലക്ഷം രൂപ കോഴ വാങ്ങിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. ഐഎൻഎല്ലുകാരനായ ഇപ്പോഴത്തെ പിഎസ്‌സി അംഗം അബ്ദുസമദ് 40 ലക്ഷം രൂപ കൊടുത്തിട്ടാണ് പിഎസ്‌സി മെംബർ ആയതെന്ന ഐഎൻഎൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇ.സി.മുഹമ്മദിന്റെ ആരോപണം ഗൗരവമുള്ളതാണ്.
കഴിഞ്ഞ സർക്കാരിന്റെ കാലത്തെ വിവാദങ്ങളുടെ തുടർച്ചയാണ് ഇപ്പോഴത്തെ കോഴ വിവാദം. മറ്റു പദവികളും ഇതുപോലെ വിൽപനയ്ക്കു വച്ചതായാണ് സെക്രട്ടേറിയറ്റ് അംഗം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം. കോഴ വിവാദത്തിൽ സമഗ്രമായ വിജിലൻസ് അന്വേഷണത്തിന് സർക്കാർ തയാറാകണമെന്നും ഫിറോസ് പറഞ്ഞു.