ഫ്രഞ്ച് സൂപ്പര്‍ താരം പോള്‍ പോഗ്ബയുടെ പ്രതിഷേധത്തിന് ഒടുവില്‍ യുവേഫയുടെ പ്രശ്‌നപരിഹാരം. യൂറോ കപ്പില്‍ വിവിധ താരങ്ങള്‍ക്കായി കളിക്കുന്ന മുസ്ലിം മതവിശ്വാസികളായ താരങ്ങള്‍ വാര്‍ത്താസമ്മേളനങ്ങള്‍ക്കു വരുമ്പോള്‍ അവരുടെ മുന്നില്‍ ഇനി ടൂര്‍ണമെന്റ് സ്‌പോണ്‍സര്‍മാരായ ഹെയ്‌നക്കന്റെ ബിയര്‍ കുപ്പികള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് യുവേഫ. എല്ലാ മതവിശ്വാസങ്ങളെയും തങ്ങള്‍ ബഹുമാനിക്കുന്നുവെന്നും ആരുടെയും മതവികാരങ്ങള്‍ വ്രണപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും തീരുമാനം അറിയിച്ചുകൊണ്ട് യുവേഫ വ്യക്തമാക്കി.
യൂറോ കപ്പില്‍ ഫ്രാന്‍സിന്റെ ആദ്യ ഗ്രൂപ്പ് മത്സരത്തിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിന് എത്തിയപ്പോഴാണ് പോഗ്ബ ബിയര്‍ കുപ്പി പ്രദര്‍ശിപ്പിച്ചതില്‍ പ്രതിഷേധിച്ചത്. വാര്‍ത്താസമ്മേളന വേദിയിലേക്കു വന്നിരുന്ന പോഗ്ബ ഒരു നിമിഷം മുന്നിലിരിക്കുന്ന കുപ്പികളിലേക്കു നോക്കിയ ശേഷം ബിയര്‍ കുപ്പി എടുത്തു മാറ്റുകയായിരുന്നു.
തികഞ്ഞ ഇസ്ലാം മതവിശ്വാസിയായ തന്റെ വിശ്വാസങ്ങള്‍ക്ക് എതതിരാണ് മദ്യോത്പന്നങ്ങളെന്നും അതിനാലാണ് അത്തരത്തില്‍ പ്രതികരിച്ചതെന്നും പോഗ്ബ പിന്നീട് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ അവസാന ഗ്രൂപ്പ് മത്സരത്തിനു ശേഷം ഫ്രഞ്ച് ടീമിലെ മറ്റൊരു മുസ്ലീം താരമായ കരീം ബെന്‍സേമയും ഇത്തരത്തില്‍ പ്രതഷേധമറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മതവിശ്വാസങ്ങള്‍ക്കെതിരായ ഒന്നും വാര്‍ത്താസമ്മേളന വേദിയില്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന് യുവേഫ തീരുമാനിച്ചത്.
അതേസമയം യുവേഫയുടെ തീരുമാനത്തില്‍ യൂറോ 2021-ന്റെ സഹ സ്‌പോണ്‍സര്‍മാരായ ഹെയ്‌നക്കന്‍ പ്രതിഷേധമറിയിച്ചു. തങ്ങളുടെ ഉത്പന്നത്തില്‍ ആല്‍ക്കഹോള്‍ അംശമില്ലെന്നും അതിനാല്‍ അത് ഇസ്ലാം മതവിശ്വാസത്തിന് എതിരല്ലെന്നുമാണ് ഹെയ്‌നക്കന്‍ വ്യക്തമാക്കി. മദ്യവര്‍ജനത്തിനെയാണ് തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും മദ്യത്തിനു പകരം ആല്‍ക്കഹോള്‍ വിമുക്തമായ ബിയറുകളാണ് തങ്ങള്‍ ഉത്പാദിപ്പിച്ചു പുറത്തിറക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ പോര്‍ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സ്‌പോണ്‍സര്‍മാര്‍ക്കെതിരേ തിരിഞ്ഞിരുന്നു. ടൂര്‍ണമെന്റിന്റെ മറ്റൊരു സ്‌പോണ്‍സര്‍മാരായ കൊക്കക്കോളയ്‌ക്കെതിരേയാണ് റൊണാള്‍ഡോ പ്രതികരിച്ചത്. കൊക്കകോള പോലുള്ള ഉത്പന്നങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്നും അതിനു പകരം ശുദ്ധമായ വെള്ളം കുടിക്കാനുമാണ് കൊക്കക്കോള കുപ്പികള്‍ തന്റെ മുന്നില്‍ നിന്ന് എടുത്തുമാറ്റിക്കൊണ്ട് റൊണാള്‍ഡോ പറഞ്ഞത്.