ഇന്ധന വിലവർധനയ്ക്കെതിരായ പ്രതിഷേധത്തിൽ, ദേശീയപാത ഉപരോധിച്ചതിനും നടന്‍ ജോജു ജോർജിന്റെ വാഹനം നശിപ്പിച്ചതിനുമെതിരായ കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തേടി പൊലീസ്. നടന്‍ ജോജു ജോർജിന്റെ വാഹനം നശിപ്പിച്ച കേസില്‍ ഒരാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഉള്‍പ്പെട്ട നേതാക്കളെ ഉടന്‍ ചോദ്യം ചെയ്യുമെന്നു പൊലീസ് അറിയിച്ചു. പ്രതികള്‍ ആരാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നു കമ്മിഷണര്‍ വ്യക്തമാക്കി. ഇതിനു പിന്നാലെ കഴിഞ്ഞ രാത്രിയിൽതന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തേടി പൊലീസ് നഗരം അരിച്ചുപെറുക്കി.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജോസഫിനെ വൈറ്റിലയിലെ വീട്ടിൽ നിന്നാണു പിടികൂടിയത്. ഉറക്കത്തില്‍നിന്ന് വിളിച്ചുണര്‍ത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ജോജുവിന്റെ വാഹനത്തിന്റെ ചില്ല് തകര്‍ത്തത് ജോസഫടക്കമാണെന്നു പൊലീസ് പറയുന്നു. ജോസഫിന്റെ കൈയ്ക്കു പരുക്കുപറ്റിയത് ഇക്കാരണത്താലാണെന്നാണു പൊലീസ് ഭാഷ്യം. 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് റോഡ് ഉപരോധിച്ചതിനു കേസെടുത്തത്.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. നേതാക്കളെ ഉടന്‍ സ്റ്റേഷനിലേക്കു വിളിപ്പിക്കാനാണു തീരുമാനം. ഏകപക്ഷീയമായാണു കേസെടുത്തതെന്ന നിലപാടിലാണു കോണ്‍ഗ്രസ് നേതൃത്വം. വനിതകള്‍ക്കെതിരെ ജോജു അസഭ്യം പറഞ്ഞെന്നും അതില്‍ കേസില്ലാത്തത് എന്താണെന്നും കോൺഗ്രസ് നേതാക്കൾ ആവര്‍ത്തിച്ചു ചോദിക്കുന്നു. ഇതിനു തെളിവില്ലെന്നാണു പൊലീസ് പറയുന്നത്. കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഇന്ധന വിലവര്‍ധനയ്ക്കെതിരായ സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും നേതാക്കള്‍ വ്യക്തമാക്കി.