വിമതരെ അനുയയിപ്പിക്കാനുള്ള നീക്കം പാളിയതോടെ മഹാരാഷ്ട്രയിലെ മഹാവികാസ് അഘാടി സര്‍ക്കാര്‍ പിരിച്ചുവിടാന്‍ നീക്കം. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ രാജിവെക്കുമെന്ന സൂചനകള്‍ നേതാക്കള്‍ നല്‍കി. നിയമസഭ പിരിച്ചുവിടുന്നതിലേക്കാണ് മഹാരാഷ്ട്രയിലെ സംഭവ വികാസങ്ങളുടെ പോക്കെന്ന് ശിവസേന നേതാവും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയുമായ സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു.
ഉദ്ധവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെ തന്റെ ഔദ്യോഗിക ട്വിറ്റര്‍ ബയോയില്‍ നിന്ന് മന്ത്രി എന്നുള്ളത് എടുത്ത് കളയുകയും ചെയ്തു. ഒരു മണിക്ക് ഉദ്ധവ് താക്കറെ മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിന് ശേഷം നിര്‍ണായക തീരുമാനം പ്രഖ്യാപിക്കുമെന്നാണ് സൂചന.
ഷിന്ദേയ്‌ക്കൊപ്പമുള്ള എംഎല്‍എമാരുമായി ചര്‍ച്ച നടത്തുമെന്ന് സഞ്ജയ് റൗട്ട് നേരത്തെ പറഞ്ഞിരുന്നു. എന്‍സിപി-കോണ്‍ഗ്രസ് മന്ത്രിമാരുടെ പ്രവര്‍ത്തന ശൈലിയോടാണ് എംഎല്‍എമാര്‍ക്ക് എതിര്‍പ്പുള്ളത്. ഉദ്ധവിനോട് എതിര്‍പ്പില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. എന്നാല്‍ ഏക്‌നാഥ് ഷിന്ദേയ്‌ക്കൊപ്പമുള്ള വിമത എംഎല്‍എമാരെ തിരികെയെത്തിക്കാനുള്ള ശിവസേനയുടെ ശ്രമങ്ങള്‍ ഫലവത്തായില്ലെന്നാണ് സഞ്ജയ് റൗട്ടിന്റെ ട്വീറ്റില്‍ നിന്ന് ലഭിക്കുന്ന സൂചന.
അതിനിടെ ശേഷിക്കുന്ന 12 എംഎല്‍എമാരെ ശിവസേന മുംബൈയിലെ ഹോട്ടലിലേക്ക് മാറ്റി. നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉച്ചയ്ക്ക് ഒരുമണിക്ക് മന്ത്രിസഭായോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.