പിഡിപി സംസ്ഥാന വൈസ് ചെയര്‍മാൻ പൂന്തുറ സിറാജ് അന്തരിച്ചു. അർബുദ രോഗ ബാധിതനായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന അദ്ദേഹത്തെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ഈ മാസം ആദ്യമാണ് തിരുവനന്തപുരത്ത് എത്തിച്ചത്.
തിരുവനന്തപുരം പൂന്തുറ സ്വദേശിയാണ്. മൂന്നു തവണ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആയിരുന്നു. രണ്ടു തവണ പിഡിപിയുടെ കീഴിലും ഒരു തവണ സ്വതന്ത്ര സ്ഥാനാർഥിയുമായാണ് സിറാജ് മൽസരിച്ചത്. 1995 ൽ മാണിക്യംവിളാകം വാർഡിൽ നിന്നും 2000 ൽ അമ്പലത്തറ വാർഡിൽ നിന്നും പിഡിപി സ്ഥാനാർഥിയായി മൽസരിച്ച് തിരഞ്ഞെടുക്കപ്പെട്ടു. 2005 ൽ പിഡിപിയിൽ നിന്ന് പുറത്താക്കപ്പെട്ട സമയത്ത് സ്വതന്ത്രനായാണ് പൂന്തുറ സിറാജ് പുത്തൻപള്ളി വാർഡിൽ മൽസരിച്ചത്
അഭിപ്രായ ഭിന്നതകളെത്തുടര്‍ന്ന് ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പിഡിപി വിട്ട സിറാജ് ഐഎന്‍എല്ലില്‍ ചേര്‍ന്നിരുന്നു. എന്നാല്‍, അടുത്തിടെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുൽ നാസർ മഅദനിക്ക് കത്തു നൽകിയതിനെ തുടർന്ന് അദ്ദേഹത്തെ വൈസ് ചെയർമാനായി പിഡിപി കേന്ദ്രകമ്മിറ്റിയുടെ നിര്‍ദേശപ്രകാരം നിയമിക്കുകയായിരുന്നു. മഅദനിയുടെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവാണ്.