സംസ്ഥാന സർക്കാർ തനിക്കു പ്രഖ്യാപിച്ച വലിയ പാരിതോഷികം കായികരംഗത്തേക്കു കൂടുതൽ പ്രതിഭകൾക്കു ധൈര്യമായി കടന്നു വരാനും ഉറച്ചു നിൽക്കാനും പ്രചോദനമാകുമെന്ന് ഒളിംപ്യൻ പി.ആർ.ശ്രീജേഷ്. ടോക്കിയോ ഒളംപിക്സിൽ വെങ്കല മെഡൽ നേടിയ ശ്രീജേഷിന് 2 കോടി രൂപ പാരിതോഷികം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിൽ ഡപ്യൂട്ടി ഡയറക്ടർ (സ്പോർട്സ്) ആയ ശ്രീജേഷിനു ജോയിന്റ് ഡറക്ടർ ആയ സ്ഥാനക്കയറ്റവും നൽകി. ഒളിംപിക്സലിൽ പങ്കെടുത്ത സജൻ പ്രകാശ്, മുഹമ്മദ് അനസ്, നോഹ നിർമൽ ടോം, അലക്സ് ആന്റണി, കെ.ടി. ഇർഫാൻ, എം.പി. ജാബിർ, എം. ശ്രീങ്കർ, ഡൽഹി മലയാളിയായ അമോജ് ജേക്കബ് എന്നിവർക്ക് 5 ലക്ഷം രൂപ വീതം നൽകാനും തീരുമാനിച്ചിരുന്നു.
‘വലിയ അഭിമാനവും അക്കാര്യത്തിലാണ്. ഒളിംപിക് മെഡൽ ആയിരുന്നു സ്വപ്നം. അതൊരിക്കലും മറ്റു പാരിതോഷികങ്ങൾ മോഹിച്ചായിരുന്നില്ലെങ്കിലും ലഭിക്കുന്നതെല്ലാം വലിയ അംഗീകാരങ്ങളാണ്. അതിൽ വലിയ സന്തോഷമുണ്ട്. 49 വർഷത്തിനു ശേഷം ഒരു മലയാളിക്കു ലഭിക്കുന്ന ഒളിംപിക് മെഡൽ എന്നതിന്റെ മഹത്വം ഉൾക്കൊണ്ടാണു സർക്കാർ വൻ തുകയും ഒപ്പം സ്ഥാനക്കയറ്റവും തരുന്നത്’ – ശ്രീജേഷ് പറഞ്ഞു.
‘പഞ്ചാബ്, ഹരിയാന പോലുള്ള സംസ്ഥാനങ്ങൾ അവിടുത്തെ ഒളിംപിക്സ് മെഡൽ ജേതാക്കൾക്കു നൽകുന്ന പോലുള്ള പ്രോത്സാഹനമാണിത്. കേരളത്തിൽ വലിയ വേരോട്ടമില്ലാത്ത ഹോക്കി പോലുള്ള ഗെയിമുകളിലടക്കം കൂടുതൽ കുട്ടികൾക്കു കടന്നു വരാൻ ഇത് ഇടയാക്കുമെന്നു പ്രത്യാശിക്കുന്നു. അവർക്കു വേണ്ടി മികച്ച അടിസ്ഥാന സൗകര്യങ്ങളും മറ്റു സാഹചര്യങ്ങളും കൂടി ഒരുക്കാൻ സർക്കാർ മുൻകൈയ്യെടുക്കണമെന്നാണ് അഭ്യർഥന’ – ശ്രീജേഷ് പറഞ്ഞു.
ഒളിംപിക്സിൽ പങ്കെടുത്ത മറ്റു മലയാളികൾക്കും പാരിതോഷികം പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്നും ശ്രീജേഷ് പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ടു ജന്മനാട്ടിലെത്തിയ ശ്രീജേഷ് ഇന്നലെയും അഭിനന്ദന പ്രവാഹത്തിന്റെ നടുവിലായിരുന്നു. താരത്തെ നേരിൽ അഭിനന്ദിക്കുന്നതിനായി കിഴക്കമ്പലം പാറാട്ട് വീട്ടിലെത്തിയത് ഒട്ടേറെപ്പേരാണ്. സന്ദർശക പ്രവാഹത്തിനൊപ്പം ഫോണിലൂടെയും ഒട്ടേറെ പേർ അഭിനന്ദനം അറിയിച്ചു.