കൂടലിൽ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ വൈദികനെ കസ്റ്റഡിയിലെടുത്തു. കൂടൽ ഓർത്തഡോക്സ് പള്ളിയിലെ വികാരി കൊടുമൺ വില്ലേജിൽ ഐക്കാട് കൃപാലയത്തിൽ പോണ്ട്സൺ ജോൺ (35)ആണു പിടിയിലായത്. കൗൺസലിങ്ങിന് എത്തിയ പെൺകുട്ടിക്ക് നേരെയാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്. ഈ മാസം 12,13 തിയതികളിലായിരുന്നു കേസിനാസ്പദമായ സംഭവം.
പെൺകുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. ഇന്ന് പുലർച്ചെ വീട്ടിൽ നിന്നാണു പത്തനംതിട്ട വനിത പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. 17 വയസുള്ള പെൺകുട്ടി പഠനത്തിൽ പിന്നാക്കമാണെന്നു പറഞ്ഞായിരുന്നു വീട്ടുകാർ കൗണ്‍സലിങ്ങിനു വിട്ടതെന്നു പൊലീസ് പറയുന്നു. ആദ്യദിവസം പള്ളിയിലായിരുന്നു കൗൺസലിങ്. രണ്ടാംദിനം പെൺകുട്ടി പള്ളിയിലേക്കു പോകാതിരുന്നതോടെ രാത്രി പത്തരയോടെ ഇയാൾ വീട്ടിലെത്തുകയായിരുന്നു. വീട്ടുകാരോട് ഓരോ മുറിയിലായി പ്രത്യേകം സംസാരിച്ചശേഷമാണു പെൺകുട്ടിയെ സമീപിച്ചത്.
അതേസമയം, ആദ്യദിവസം തന്നെ വൈദികന്‍ അപമര്യാദയായി പെരുമാറിയതിനെത്തുടർന്നാണു പെൺകുട്ടി പോകാതിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. പെൺകുട്ടി വിവരം കൂട്ടുകാരിയെ അറിയിക്കുകയായിരുന്നു. പിന്നീട് ഇരുവരും ചേർന്നു ക്ലാസ് അധ്യാപികയോടും ഇവർ സ്കൂൾ പ്രിൻസിപ്പലിനോടും പരാതി അറിയിച്ചു. പ്രിൻസിപ്പൽ ചൈൽഡ് ലൈനിൽ വിളിച്ച് വിവരം നൽകിയതോടെയാണു പൊലീസ് കേസെടുത്തത്.